SHARE

ആവേശം അവസാന പന്തിലേയ്ക്കു നീണ്ട മത്സരത്തില്‍ ഷെല്‍ഡന്‍ കോട്രല്‍ അയര്‍ലണ്ടിനെതിരെ വിന്‍ഡീസിന് സമ്മാനിച്ചത് ത്രസിപ്പിക്കുന്ന വിജയം. അവസാന പന്ത് സിക്‌സറിലേയ്ക്ക് പറത്തിയാണ് കോട്രല്‍ വിജയം സമ്മാനിച്ചത്. കോട്രല്‍ ക്രീസില്‍ നിക്കുമ്പോള്‍ വിന്‍ഡീസിന് ജയിക്കാന്‍ വേണ്ടത് രണ്ട് റണ്‍സ്, ബാക്കിയുള്ളത് ഒരു വിക്കറ്റും ഒരു ബോളും.

ഇരുപക്ഷത്തേയും ആരാധകരുടെ ചങ്കിടിപ്പ് ഉച്ചസ്ഥായിലായ നിമിഷം. അയര്‍ലണ്ടിന്റെ മാര്‍ക്ക് അഡയര്‍ എറിഞ്ഞ പന്ത് കോട്രല്‍ സ്വീപ്പര്‍ കവറിലൂടെ സിക്‌സര്‍ പറത്തുകയായിരുന്നു. കോട്രല്‍ സല്ല്യൂട്ടിലൂടെ വിജയം വിന്‍ഡീസിനു സ്വന്തം. ഇതോടെ ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തില്‍ അവസാന പന്തില്‍ ടീമിന് വിജയം സമ്മാനിക്കുന്ന പതിനൊന്നാം നമ്പര്‍ ബാറ്റ്‌സ്മാനെന്ന ലോക റെക്കോര്‍ഡും കോട്രല്‍ സ്വന്തമാക്കി.

അവസാന പന്തില്‍ അഞ്ച് റണ്‍സായിരുന്നു വിന്‍ഡീസിന് വിജയിക്കാന്‍ വേണ്ടിയിരുന്നത്. രണ്ട് റണ്ണൗട്ടുകളില്‍ നിന്നും തലനാരിഴയ്ക്കാണ് കോട്രല്‍ രക്ഷപെട്ട് ടീമിന് വിജയമൊരുക്കിയത്.

ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ട് ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സാണെടുത്തത്. അയര്‍ലണ്ടിനു വേണ്ടി പോള്‍ സ്റ്റിര്‍ലിംഗ് 63 റണ്‍സ് നേടി. ഇതോടെ മൂന്നു മത്സരങ്ങളുടെ പരമ്പര 2-0 ത്തിനു വിന്‍ഡീസ് സ്വന്തമാക്കി.