SHARE

ബെംഗളൂരുവിലെ കണ്ടീരവ സ്റ്റേഡിയത്തിൽ ഇന്ന് ബെംഗളൂരു എഫ് സി യും, നോർത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിൽ നടക്കാനിരിക്കുന്ന അഞ്ചാം സീസൺ ഐ എസ് എല്ലിന്റെ രണ്ടാം പാദ സെമി മത്സരം ഈ മൈതാനത്തെ അവസാന ഐഎസ് എൽ പോരാട്ടമായിരിക്കുമെന്ന് സൂചന‌‌. മാർച്ച് പതിനഞ്ച് മുതൽ കണ്ടീരവ സ്റ്റേഡിയം പൂർണമായും കർണാടക അത്ലറ്റിക് അസോസിയേഷന് വിട്ട് കൊടുക്കുമെന്നും, ഇനി ബെംഗളൂരു എഫ് സി കണ്ടീരവയിലേക്ക് തിരിച്ചുവരില്ലെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നതിനാലാണിത്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി കണ്ടീരവ സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടത്തുന്നതിനെച്ചൊല്ലി കർണാടക അത്ലറ്റിക് അസോസിയേഷനും, ബെംഗളൂരു എഫ് സിയുടെ ഉടമസ്ഥരുമായ ജെ എസ് ഡബ്ല്യൂ സ്പോർട്സുമായി തർക്കത്തിലായിരുന്നു. കണ്ടീരവ സ്റ്റേഡിയം അത്ലറ്റിക്സിനായി നിർമ്മിച്ചതാണെന്നും ബെംഗളൂരു എഫ് സിയുടെ കടന്നു കയറ്റം മൂലം തങ്ങൾക്ക് അത്ലറ്റിക്ക്സ് പരിശീലിക്കാൻ കഴിയുന്നില്ലെന്നും, റണ്ണിംഗ് ട്രാക്കുകൾ അടക്കം ബെംഗളൂരു എഫ്സി നശിപ്പിച്ചെന്നും കർണാടക അത്ലറ്റിക് അസോസിയേഷൻ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.

കണ്ടീരവ സ്റ്റേഡിയം തങ്ങൾക്ക് പൂർണമായും വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് കർണാടക അത്ലറ്റിക്ക് അസോസിയേഷൻ, ഡിപ്പാർട്ട്മെന്റ് ഓഫ് യൂത്ത് എമ്പവർമെന്റ് ആൻഡ് സ്പോർട്സിന് അപ്പീൽ നൽകുകയും അവരുടെ ആവശ്യം അംഗീകരിക്കാമെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് യൂത്ത് എമ്പവർമെന്റ് ആൻഡ് സ്പോർട്സ് കമ്മീഷണർ കെ ശ്രീനിവാസ് ഉറപ്പ് നൽകുകയുമായിരുന്നു. മാർച്ച് 15 മുതലാകും കർണാടക അത്ലറ്റിക് അസോസിയേഷന്, കണ്ടീരവ സ്റ്റേഡിയം പൂർണമായും വിട്ട് കൊടുക്കുക എന്നാണ് ലഭിക്കുന്ന സൂചനകൾ. ഇങ്ങനെയാണെങ്കിൽ ഇന്ന് നോർത്ത് ഈസ്റ്റിനെതിരെ നടക്കുന്ന മത്സരം കണ്ടീരവയിൽ ബെംഗളൂരു എഫ് സിയുടെ അവസാന പോരാട്ടമായിരിക്കും. ഇതോടെ അടുത്ത സീസണിൽ പുതിയ ഹോംഗ്രൗണ്ട് കണ്ടുപിടിക്കണമെന്ന തലവേദനയും ബെംഗളൂരു എഫ് സിയുടെ മേലുണ്ട്.