SHARE

ഫാസ്റ്റ് ബൗളര്‍മാരുടെ പറുദീസ എന്നാണ് പെര്‍ത്തിലെ വാക്ക സ്റ്റേഡിയത്തെ വിശേഷിപ്പിച്ചിരുന്നത്. ലോകത്തിലെ ഏറ്റവും വേഗമേറിയ പിച്ചായിട്ടാണ് പെര്‍ത്ത് അറിയപ്പെട്ടിരിക്കുന്നത്. ഇവിടത്തെ പിച്ചില്‍ പന്തെറിയാന്‍ ആഗ്രഹിക്കാത്ത പേസര്‍മാര്‍ ഉണ്ടാകില്ല. ഡെന്നിസ് ലില്ലിയും മൈക്കിള്‍ ഹോള്‍ഡിംഗും കട്‌ലി ആംബ്രോസും ഗ്ലെന്‍ മക്ഗ്രാത്തുമൊക്കെ എതിരാളികളെ എറിഞ്ഞിട്ട സ്റ്റേഡിയം ഇനി ഓര്‍മകള്‍ മാത്രമാകുകയാണ്. വ്യാഴാഴ്ച്ച നടക്കുന്ന മൂന്നാം ആഷസ് ടെസ്റ്റ് വാക്കയിലെ അവസാന മത്സരമാണ്. സമീപം തന്നെ നിര്‍മിച്ച പുതിയ സ്റ്റേഡിയത്തിലാകും ഇനി മുതല്‍ മത്സരങ്ങള്‍ അരങ്ങേറുക.

47 വര്‍ഷത്തെ ക്രിക്കറ്റ് പാരമ്പര്യത്തിനാണ് ഇതോടെ അന്ത്യമാകുന്നത്. ഇന്ത്യയോ ദക്ഷിണാഫ്രിക്കയോ ഇംഗ്ലണ്ടോ ഒന്നും ഇനി വിഖ്യാതമായ ഈ സ്‌റ്റേഡിയത്തില്‍ കളിക്കാനിറങ്ങില്ല. സ്വാന്‍ നദിക്കു കുറുകെയാണ് മനോഹരമായ പുതിയ സ്റ്റേഡിയം പണികഴിപ്പിച്ചിരിക്കുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിരാശ പെര്‍ത്തില്‍ ഒരു ടെസ്റ്റ് പോലും കളിക്കാനായിട്ടില്ല എന്നതാണെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ അലന്‍ ഡൊണാള്‍ഡ് പറയുമ്പോള്‍ തന്നെ പെര്‍ത്തിന്റെ പ്രാധാന്യം മനസിലാകും.

വിസ്മയ പ്രകടനങ്ങള്‍ ഏറെ ഈ പിച്ചില്‍ അരങ്ങേറിയിട്ടുണ്ട്. 1993ല്‍ ഓസീസിനെതിരേ 32 പന്തില്‍ കേവലം ഒരു റണ്‍ വഴങ്ങി വിന്‍ഡീസിന്റെ കട്‌ലി ആംബ്രോസ് ഏഴു വിക്കറ്റ് വീഴ്ത്തിയത് ഇന്നും അദ്ഭുതമാണ്. മികച്ച ബാറ്റിംഗ് പ്രകടനങ്ങളും പെര്‍ത്തില്‍ ഉണ്ടായിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരേ 2007ല്‍ ആഡം ഗില്‍ക്രിസ്റ്റ് 57 പന്തില്‍ സെഞ്ചുറി നേടിയതും 2003ല്‍ സിംബാബ്‌വെയ്‌ക്കെതിരേ മാത്യു ഹെയ്ഡന്‍ 380 റണ്‍സ് നേടിയതും ഈ പിച്ചിലാണ്. പുതിയ സ്റ്റേഡിയത്തില്‍ 60000 കാണികള്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. എന്നാലും ക്രിക്കറ്റ് പ്രേമികള്‍ക്ക് വാക്ക എന്നുമൊരു നിത്യഹരിത ഓര്‍മയായിരിക്കും.