SHARE

പരിക്കിനെത്തുടർന്ന് ന്യൂസിലൻഡ് സൂപ്പർ താരം ടോം ലാഥമിന് ഈ മാസം ഇന്ത്യയ്ക്കെതിരെ നടക്കാനിരിക്കുന്ന ടി20 പരമ്പരയിൽ കളിക്കാനാകില്ല. ഓസ്ട്രേലിയക്കെതിരെ നടന്ന മൂന്നാം ടെസ്റ്റിനിടെയായിരുന്നു ലാഥമിന്റെ വലത് കൈവിരലിന്‌പരിക്കേറ്റത്. പരിക്ക് ഭേദമാകാൻ ഒരു മാസം സമയമാണ് ഡോക്ടർമാർ ലാഥമിന് നിർദ്ദേശിച്ചിരിക്കുന്നത്. ടി20 പരമ്പരയ്ക്ക് മുൻപ് കിവീസിന് കനത്ത തിരിച്ചടി നൽകുന്ന കാര്യമാണിത്.

ഇന്ന് ന്യൂസിലൻഡ് ക്രിക്കറ്റ് ടീം പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇന്ത്യയ്ക്കെതിരായ ടി20 പരമ്പര ലാഥമിന് നഷ്ടമാകുമെന്ന് വ്യക്തമായത്. വലത് കൈവിരലിന്റെ എല്ലിന് പൊട്ടലുള്ള താരം ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിൽ കിവീസ് ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ടി20 യിൽ ലാഥമില്ലാത്തത് ആതിഥേയരുടെ കരുത്ത് കുറയ്ക്കും.

അതേ സമയം അഞ്ച് മത്സരങ്ങളാണ് ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ടി20 പരമ്പരയിലുള്ളത്. ജനുവരി 24 ന് ഓക്ക്ലൻഡിലാണ് പരമ്പരയിലെ ആദ്യ മത്സരം. തുടർന്ന് ജനുവരി 26, 29, 31, ഫെബ്രുവരി 2 തീയതികളിലും മത്സരങ്ങൾ നടക്കും.