SHARE

ലയണൽ മെസി, എയ്ഞ്ചൽ ഡി മരിയ തുടങ്ങിയ സൂപ്പർ താരങ്ങളില്ലാതെ ഇറങ്ങിയ അർജന്റീനയുടെ അഭിമാനമായി മാറിയിരിക്കുകയാണ് മുന്നേറ്റതാരം ലോത്താരോ മാർട്ടിനെസ്. അട്ടിമറിക്ക് ശ്രദ്ധേയരായ മെക്സിക്കോയ്ക്കെതിരെ ഹാട്രിക്ക് നേടിയാണ് മാർട്ടിനെസ് ആരാധകഹൃദയം കീഴടക്കിയിരിക്കുന്നത്.

അമേരിക്കയിലെ ടെക്സസിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ തന്നെയാണ് മാർട്ടിനെസ് ​വിഖ്യാത​ഗോളി ​ഗ്വില്ലെർമോ ഒച്ചോവയുടെ കാവൽ നിന്ന മെക്സിക്കൻ പോസ്റ്റിലേക്ക് നാല് തവണ നിറയൊഴിച്ചത്. 22 കാരനായ മാർട്ടിനെസ് ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാന്റെ താരമാണ്. കഴിഞ്ഞ വർഷം മാത്രം അന്താരാഷ്ട്ര ഫുട്ബോളിൽ അരങ്ങേറിയ മാർട്ടിനെസിന്റെ ഇതിനകമുള്ള ​ഗോൾവേട്ട അർജന്റീന ആരാധകർക്ക് പ്രതീക്ഷ പകരുന്നതാണ്.

ഇതുവരെ അർജന്റൈൻ ജേഴ്സിയിൽ പതിമൂന്ന് മത്സരങ്ങൾ കളിച്ച മാർട്ടിനെസ് ഒമ്പത് ​ഗോളുകളാണ് നേടിയത്. ഇതിൽ തന്നെ എട്ടെണ്ണവും ഈ വർഷം നടന്ന മത്സരങ്ങളിൽ നിന്ന് നേടിയതാണ്. ഇക്കുറി കോപ്പാ അമേരിക്ക ക്വാർട്ടറിൽ വെനസ്വേലക്കെതിരെയടക്കം രണ്ട് നിർണായക ​ഗോളുകൾ മാർട്ടിനെസ് നേടിയിരുന്നു.

സൂപ്പർ താരങ്ങൾ പലരുമില്ലാതെ കളിക്കാനിറങ്ങിയ അർജന്റീനയുടെ പ്രതീക്ഷയായി മാറിയിരിക്കുകയാണിപ്പോൾ മാർട്ടിനെസ്. ​ഗോൾവേട്ടയിൽ പുലർത്തുന്ന സ്ഥിരത തന്നെയാണ് മാർട്ടിനെസിനെ ശ്രദ്ധേയനാക്കുന്നത്. വരും കാലങ്ങളിൽ അർജന്റീനയുടെ വിഖ്യാത ഒമ്പതാം നമ്പർ മാർട്ടിനെസിന്റെ കൈയ്യിൽ ഭ​ദ്രമായിരിക്കുമെന്നാണ് നിരീക്ഷകരും പറയുന്നത്.