SHARE

ഏകദിന ലോകകപ്പ് സെമി‌ഫൈനൽ ഘട്ടത്തിലേക്ക് അടുത്തിരിക്കുകയാണ്. നിലവിൽ ഓസ്ട്രേലിയ മാത്രമാണ് സെമി ഫൈനലിൽ എത്തിയിരിക്കുന്നതെങ്കിലും, ഇന്ത്യ, ന്യൂസിലൻഡ് ടീമുകളും സെമി ഫൈനൽ ഏകദേശം ഉറപ്പിച്ചിട്ടുണ്ട്. ബാക്കിയുള്ള ഒരു സ്ഥാനത്തിന് വേണ്ടിയാണ് ഇപ്പോൾ പ്രധാനമായും മത്സരം നടക്കുന്നത്. അതിനിടയിൽ ഇപ്പോളിതാ ലോകകപ്പ് ഫൈനലിസ്റ്റുകളെ പ്രവചിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ഇതിഹാസ താരം വിവിഎസ് ലക്ഷ്മൺ.

ജൂലൈ 14 ന് ലോർഡ്സിൽ നടക്കാനിരിക്കുന്ന ലോകകപ്പ് ഫൈനലിൽ ഇന്ത്യയും, ഓസ്ട്രേലിയയും തമ്മിൽ ഏറ്റുമുട്ടുമെന്നാണ് ലക്ഷ്മണിന്റെ പ്രവചനം. കഴിഞ്ഞ ദിവസം ടൈംസ് നൗവിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ലക്ഷ്മൺ ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഈ ലോകകപ്പിൽ ഇന്ത്യ പുറത്തെടുത്ത് കൊണ്ടിരിക്കുന്ന മികച്ച പ്രകടനത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് ടീമിന്റെ മികച്ച ബോളിംഗ് പ്രകടനമാണെന്നും ലക്ഷ്മൺ പറയുന്നു. ബുംറ, ഷാമി, ഭുവനേശ്വർ തുടങ്ങി, ടീമിലെ എല്ലാ ബോളർമാരും തിളങ്ങുന്നുണ്ടെന്നും, അത് ഇന്ത്യയെ മികച്ചവരാക്കുന്നുവെന്നും അഭിമുഖത്തിനിടെ ലക്ഷ്മൺ കൂട്ടിച്ചേർത്തു.