SHARE

പഞ്ചാബിനെതിരായ രഞ്ജി‌ട്രോഫി മത്സരത്തിൽ കേരളത്തിന് 9 റൺസിന്റെ ഒന്നാമിന്നിംഗ്സ് ലീഡ്. 7 വിക്കറ്റെടുത്ത വലം കൈയ്യൻ പേസർ നിധീഷ് എം ഡി യുടെ തീപ്പൊരി ബോളിംഗാണ് ചെറിയ സ്കോറിൽ ഒതുങ്ങിപ്പോയിട്ടും കേരളത്തിന് ലീഡ് സമ്മാനിച്ചത്. നേരിയ ലീഡോടെ രണ്ടാമിന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ കേരളം രണ്ടാംദിവസം കളി നിർത്തുമ്പോൾ 88/5 എന്ന നിലയിലാണ്.

നിധീഷിന്റെ ഉജ്ജ്വല ബോളിംഗായിരുന്നു രണ്ടാംദിവസത്തെ പ്രത്യേകത. തുടർച്ചയായി വിക്കറ്റുകൾ വീഴ്ത്തി മുൻ മുംബൈ ഇന്ത്യൻസ് താരം തിളങ്ങിയപ്പോൾ പഞ്ചാബ് തകർന്നു. 71 റൺസെടുത്ത് പുറത്താകാതെ നിന്ന നായകൻ മന്ദീപ് സിംഗ് മാത്രമാണ് പഞ്ചാബ് നിരയിൽ പിടിച്ചുനിന്നത്. നിധീധ് 88 റൺസ് വഴങ്ങി 7 വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ കേരളത്തിന്റെ ഒന്നാമിന്നിംഗ്സ് സ്കോറിന് 9 റൺസ് പിറകിൽ പഞ്ചാബ് ഇന്നിംഗ്സ് അവസാനിച്ചു.

രണ്ടാമിന്നിംഗ്സിൽ പുത്തൻ ഓപ്പണിംഗ് ജോഡിയെയാണ് കേരളം കളത്തിലിറക്കിയത്. റോബിൻ ഉത്തപ്പയും, രോഹൻ പ്രേമും ചേർന്നുള്ള ഓപ്പണിംഗ് കൂട്ടുകെട്ടിന് പക്ഷേ ഒരു റൺസ് പോലും നേടാനായില്ല‌. നേരിട്ട ആദ്യ പന്തിൽത്തന്നെ ഉത്തപ്പ പുറത്ത്‌.‌ ടീം സ്കോർ 55 ലെത്തി നിൽക്കേ കേരളത്തിന് രോഹൻ പ്രേമിന്റേയും, അക്ഷയ് ചന്ദ്രന്റേയുംവിക്കറ്റുകൾ നഷ്ടമായി. സ്കോർ ബോർഡിൽ 73 റൺസെത്തിയപ്പോൾ വിഷ്ണു വിനോദും, തൊട്ടു പിന്നാലെ സച്ചിൻ ബേബിയും മടങ്ങിയതോടെ കേരളം 74/5 എന്ന നിലയിലായി. രണ്ടാംദിനം കളി അവസാനിക്കുമ്പോൾ 88/5 എന്ന നിലയിലാണ് കേരളം. മത്സരത്തിൽ മൊത്തം 97 റൺസിന്റെ മുൻ തൂക്കമാണ് അവർക്കുള്ളത്‌.