SHARE

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച പേസ് ബൗളർമാരിലൊരാളായിരുന്നു ഓസ്ട്രേലിയൻ സൂപ്പർ താരം ബ്രറ്റ് ലീ. ഒരു കാലത്ത് ലോക ക്രിക്കറ്റിലെ ബാറ്റ്സ്മാന്മാരുടെയെല്ലാം പേടിസ്വപ്നമായിരുന്ന ലീ, ഇപ്പോളിതാ കളിച്ച് കൊണ്ടിരുന്ന ‌സമയത്ത് തനിക്കെതിരെ ഏറ്റവും നന്നായി കളിച്ചിരുന്ന ബാറ്റ്സ്മാന്മാർ ആരൊക്കെയെന്ന് വെളിപ്പെടുത്തിയിരിക്കുന്നു. കഴിഞ്ഞ ദിവസം മുൻ സിംബാബ്‌വെ താരം പോമി എംബാഗ്വെയുടെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു ലീ ഇക്കാര്യം വെളിപ്പെടുത്തിയത്.

തന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച‌ 3 ബാറ്റ്സ്മാന്മാരായി ലീ തിരഞ്ഞെടുത്തത് ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ, വെസ്റ്റിൻഡീസ് ഇതിഹാസം ബ്രയാ‌ൻ ലാറ, ദക്ഷിണാഫ്രിക്കൻ ഇതിഹാസം ജാക്വസ് കാലിസ് എന്നിവരെയായിരുന്നു. ഇതിൽ ഒന്നാമനായി സച്ചിന്റെ പേര് ചൂണ്ടിക്കാട്ടിയ ലീ, എക്കാലത്തെയും മികച്ച ബാറ്റ്സ്മാനാണ് സച്ചിനെന്നും പറഞ്ഞു. ലിസ്റ്റിൽ രണ്ടാമതായി ലാറയെ തിരഞ്ഞെടുത്ത ലീ, ഒരു പന്ത് തന്നെ 6 വ്യത്യസ്ത സ്ഥലങ്ങളിലേക്ക് പായിക്കാൻ ലാറയ്ക്ക് മികവുണ്ടെന്ന് കൂട്ടിച്ചേർത്തു. കാലിസിനെ ലിസ്റ്റിൽ മൂന്നാമത് ചൂണ്ടിക്കാട്ടിയ ലീ, താൻ കണ്ടിട്ടുള്ള ഏറ്റവും പൂർണനായ ക്രിക്കറ്റാറായാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.