ഇംഗ്ലീഷ് സൂപ്പർ ക്ലബ് ലീഡ്സ് യുണൈറ്റഡിന്റെ പുതിയ പരിശീലകനായി ഡാനിയേൽ ഫാർക്കെ നിയമിതനായി. നാല് വർഷത്തെ കരാറിലാണ് ഈ ജർമൻ പരിശീലകന്റെ നിയമനം. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമെത്തി.
കഴിഞ്ഞ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്ന് തരംതാഴ്ത്തപ്പെട്ട ലീഡ്സ് ഇക്കുറി രണ്ടാം ഡിവിഷനിലാണ് കളിക്കുന്നത്. ഓഗസ്റ്റ് ആറിന് കാർഡിഫ് സിറ്റിക്കെതിരെയാണ് ലീഡ്സിന്റെ ആദ്യമത്സരം. പ്രീമിയർ ലീഗിലേക്ക് ഉടൻ തന്നെ തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് ലീഡ്സ് ഫാർക്കെയെ നിയമിച്ചത്. ഇംഗ്ലീഷ് ക്ലബ് നോർവിച്ച് സിറ്റിക്ക് രണ്ട് തവണ പ്രീമിയർ ലീഗിലേക്ക് സ്ഥാനക്കയറ്റം നേടിക്കൊടുത്ത് ശ്രദ്ധേയനായ പരിശീലകനാണ് ഫാർക്കെ. കഴിഞ്ഞ സീസണിൽ ജർമൻ ക്ലബ് ബൊറൂസിയ മോൻഷെൻഗ്ലാഡ്ബാഷിന്റെ പരിശീലകനായിരുന്നു ഫാർക്കെ.
16 വർഷത്തെ ഇടവേളയ്ക്ക് ശേഷം 2020-ലാണ് ലീഡ്സ് പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തുന്നത്. വിഖ്യാത അർജന്റൈൻ പരിശീലകൻ മാഴ്സലെലോ ബിയേൽസയാണ് ക്ലബിനെ ഈ നട്ടേത്തിലേക്ക് നയിച്ചത്. എന്നാൽ മൂന്ന് വർഷങ്ങൾക്ക് ശേഷം ലീഡ്സ് വീണ്ടും രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെടുകയായിരുന്നു.