SHARE

ലെസ്റ്റര്‍ഷെയറിനെതിരെ നടന്ന ഏകദിന സന്നാഹമത്സരത്തില്‍ ഇന്ത്യ എ ടീമിന് കൂറ്റന്‍ സ്‌കോര്‍. മായങ്ക് അഗര്‍വാളും പ്രിഥ്വി ഷായും സെഞ്ചുറിയടിച്ച മത്സരത്തില്‍ ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ എ 458-4 (50) റണ്‍സാണ് നേടിയത്. ശുഭ്മാൻ ഗില്ലും ഇന്ത്യൻ നിരയിൽ തിളങ്ങി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് വേണ്ടി പ്രിത്വി ഷാ 132 റണ്‍സും മായങ്ക് അഗര്‍വാള്‍ 151* റണ്‍സുമാണ് അടിച്ചെടുത്തത്. 221 റണ്‍സാണ് ഓപ്പണിംഗ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. പ്രിത്വി ഷായുടെ വിക്കറ്റ് അതീഖ് ജാവേദ് വീഴ്ത്തി. അതേസമയം, 106 പന്ത് നേരിട്ട അഗര്‍വാള്‍ റിട്ടയേര്‍ഡ് ഹര്‍ട്ടാവുകയായിരുന്നു. പ്രിത്വി 20 ഫോറുകളും 3 സിക്‌സുകളുമടിച്ചപ്പോള്‍ അഗര്‍വാളിന്റെ ബാറ്റില്‍ നിന്ന് പിറന്നത് 18 ഫോറുകളും 5 സിസ്‌കറുകളുമായിരുന്നു.

ഇന്ത്യ എയ്ക്ക് വേണ്ടി ശുഭ്മാന്‍ ഗില്‍ 54 പന്തില്‍ 86 റണ്‍സെടുത്ത് പ്രിത്വിക്കും അഗര്‍വാളിനും ഉറച്ച പിന്തുണ നല്‍കി. ദീപക് ഹൂഡ (38), ശ്രേയസ്സ് അയ്യര്‍ (15), ഋഷഭ് പന്ത് (13) എന്നിവരാണ് മറ്റു ഇന്ത്യന്‍ സ്‌കോറര്‍മാര്‍. ലെസ്റ്റര്‍ഷെയറിന് വേണ്ടി അതീഖ് ജാവേദ് രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി.