SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗിന്റെ എട്ടാം സീസണിൽ പരുക്കിന്റെ പിടിയിൽ പെട്ട് ഒരു മലയാളി താരം കൂടി. ബെം​ഗളുരു എഫ്സിയുടെ ലിയോൺ അ​ഗസ്റ്റിനാണ് പരുക്കേറ്റത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ ബെം​ഗളുരുവിന്റെ ആദ്യ മത്സരത്തിനിടെ പരുക്കേറ്റ ലിയോൺ നാളെ നടക്കുന്ന ഒഡിഷയ്ക്കെതിരായ മത്സരത്തിൽ കളിക്കില്ല. ബെം​ഗളുരു പരിശീലകൻ മാർക്കോ പെസായോളിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നോർത്ത് ഈസ്റ്റിനെതിരായ മത്സരത്തിന്റെ 65-ാം മിനിറ്റിൽ ഉദാന്ത സിങ്ങിന് പകരക്കാരനായാണ് ലിയോൺ ​ഗ്രൗണ്ടിലിറങ്ങിയത്. എന്നാൽ തൊട്ടടുത്ത മിനിറ്റിൽ തന്നെ ​ഗുർജിന്ദർ കുമാറിന്റെ ടാക്കിളിൽ ലിയോണിന് പരുക്കേറ്റു. അഞ്ച് മിനിറ്റുകൾക്ക് ശേഷം ലിയോണിനെ പിൻവലക്കുകയും ചെയ്തു. തുടർന്നാണിപ്പോൾ അടുത്ത മത്സരത്തിൽ ലിയോണിന് കളിക്കാനാകില്ലന്ന് വ്യക്തമായത്.

കണ്ണങ്കാലിന് പരുക്കേറ്റതിനാൽ ലിയോണിന് നാളെ കളിക്കാനാകില്ല,എംആർഐ സ്കാനിങ് കഴിഞ്ഞ് അതിന്റെ ഫലം വരാനായി കാത്തിരിക്കുകയാണ്, ലിയോണിന്റെ എല്ലുകൾക്ക് ഒടിവൊന്നുമില്ല, പക്ഷെ ലി​ഗമെന്റുകൾക്ക് തകരാറുണ്ടെന്നാണ് കരുതുന്നത്, പെസായോളി പറഞ്ഞു.

ഈ ഐഎസ്എൽ സീസൺ തുടങ്ങിയശേഷം പരുക്കേൽക്കുന്ന രണ്ടാമത്തെ മലയാളിയാണ് ലിയോൺ. ഐഎസ്എൽ ആദ്യ മത്സരത്തിനിടെ പരുക്കേറ്റ കേരളാ ബ്ലാസ്റ്റേഴ്സ് താരം കെപി രാഹുൽ ഒരു മാസത്തോളം കളിക്കളത്തിന് പുറത്തായിരിക്കും. ഐഎസ്എല്ലിന് മുമ്പ് തന്നെ പരുക്കേറ്റ ​ഗോവയുടെ മലയാളി താരം മുഹമ്മദ് നെമിലിന് കുറച്ച് മത്സരങ്ങൾ നഷ്ടമാകും.