SHARE

പോളണ്ടിന്റെ വിഖ്യാത താരം റോബർട്ട് ലെവൻഡോവ്സ്കി ജർമൻ സൂപ്പർക്ലബ് ബയേൺ മ്യൂണിച്ച് വിട്ടേക്കുമെന്ന് റിപ്പോർട്ടുകൾ. ജർമനി പുറത്തുള്ള ക്ലബിനായി കളിക്കാൻ ലെവൻഡോവ്സ്കി താൽപര്യപ്പെടുന്നതായാണ് റിപ്പോർട്ടുകൾ. സ്പാനിഷ് പത്രമായി ഡിയാരിയോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ബയേണിലെ ഏഴ് സീസണുൾപ്പെടെ ഇതുവരെ 11 സീസണായി ലെവൻഡോവ്സ്കി ബുന്ദസ്‌ലി​ഗയിലെത്തിയിട്ട്. ഇതിനകം തന്നെ ​ഗോൾവേട്ടയിൽ അനവധി റെക്കോർഡുകൾ ലെവൻഡോവ്സ്കി സ്വന്തം പേരിലാക്കി. ചാമ്പ്യൻസ് ലീ​ഗടക്കം വിവിധ കിരീടനേട്ടങ്ങളിലും പങ്കാളിയായി. ഈ സാഹചര്യത്തിൽ ജർമനി വിടാൻ പറ്റിയ സമയമാണിതെന്ന് ലെവൻഡോവ്സ്കി കണക്കുകൂട്ടുന്നതായാണ് റിപ്പോർട്ടുകൾ. ബയേണുമായി ഇനിയും രണ്ട് വർഷത്തെ കരാർ കൂടി ലെവൻഡോവ്സ്കിക്കുണ്ട്. മാത്രവുമല്ല താരത്തെ വിൽക്കാൻ ജർമൻ ചാമ്പ്യന്മാർക്ക് ഒരു താൽപര്യവുമില്ല. എങ്കിലും ക്ലബ് വിടണമെന്ന് ലെവൻഡോവ്സ്കി നിർബന്ധം പിടിക്കുകയും മികച്ച ഓവർ ലഭിക്കുകയും ചെയ്താൽ ബയേൺ താരത്തെ വിൽക്കാൻ തയ്യാറായേക്കും.

പുറത്തുവരുന്ന സൂചനകൾ പ്രകാരം ബയേൺ വിടുകയാണെങ്കിൽ ലെവൻഡോവ്സ്കിയെ റാഞ്ചാൻ സൂപ്പർക്ലബുകൾ വരിനിൽക്കുകയാണ്. പി.എസ്.ജി, മാഞ്ചസ്റ്റർ യുണൈറ്റഡ് തുടങ്ങിയ ക്ലബുകൾ ഇതിനകം തന്നെ ലെവൻഡോവ്സ്കിക്ക് മുന്നിൽ ഓഫറുകൾ നിരത്തിയെന്നാണ് സൂചന. സ്പാനിഷ് സൂപ്പർക്ലബ് റയൽ മഡ്രിഡും ലെവൻഡോവ്സ്കിക്കായി രം​ഗത്തുണ്ട്. എങ്കിലും കെയ്ലിൻ എംബാപെയും എർലിങ് ഹലാൻഡുമാണ് റയലിന്റെ പ്രധാന ലക്ഷ്യങ്ങൾ.