SHARE

ഫ്രാൻസിലെ ലീ​ഗ് ജേതാക്കളും ഫ്രഞ്ച് കപ്പ് ജേതാക്കളും തമ്മിലേറ്റുമുട്ടുമുന്ന സൂപ്പർ കപ്പ് പോരാട്ടത്തിൽ ലിലെയ്ക്ക് കിരീടം. ഇസ്രയേലിൽ നടന്ന മത്സരത്തിൽ പി.എസ്.ജിയെ എതിരില്ലാത്ത ഒരു ​ഗോളിന് തോൽപ്പിച്ചാണ് ലിലെ കപ്പുയർത്തിത്. കഴിഞ്ഞ ഫ്രഞ്ച് ലീ​ഗിൽ കിരീടമുയർത്തിയ ലിലെയുടെ ആദ്യ സൂപ്പർ കപ്പ് നേട്ടമാണിത്.

ഇസ്രയേലിലെ ടെൽ അവീവിലുള്ള ബ്ലൂംഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് പോർച്ചു​ഗീസ് മിഡ്ഫീൽഡർ സെക്കയാണ് ലിലെയുടെ വിജയ​ഗോൾ നേടിയത്. ഇക്കഴിഞ്ഞ ലീ​ഗിൽ ലിലെയെ ജേതാക്കളാക്കിയ പരിശീലകൻ ക്രിസ്റ്റോഫ് ​ഗാൾട്ടയർ ക്ലബ് വിട്ടിരുന്നു. ​ഗാൾട്ടയറിന് പകരക്കാരനായെത്തിയ ജോസെലിൻ ​ഗോർവെന്നിക്കിന് ക്ലബിനൊപ്പമുള്ള ആദ്യ മത്സരത്തിൽ തന്നെ കിരീടമുയർത്താനായി.

മറുവശത്ത് വൻ സൈനിങ്ങുകൾ നടത്തി പ്രതീക്ഷയോടെ തയ്യാറെടുക്കുന്ന പി.എസ്.ജിക്ക് തോൽവി തിരിച്ചടിയായി. നെയ്മർ, കെയ്ലിൻ എംബാപെ, എയ്ഞ്ചൽ ഡി മരിയ, മാർക്വിനോസ് തുടങ്ങിയ സൂപ്പർതാരങ്ങളൊന്നും പി.എസ്.ജിക്കായി കളിച്ചില്ല. എന്നാൽ പുതിയ സൈനിങ്ങുകളായ അഷ്റഫ് ഹക്കീമി, ജോർജീനോ വൈനാൾഡം എന്നിവർ ക്ലബിനായി അരങ്ങേറി. സെർജിയോ റാമോസ്, ജിയാൻലൂജി ഡോണറുമ എന്നിവർ കളിച്ചില്ല.