ഗോളടിയില്‍ റെക്കോര്‍ഡുകള്‍ നേടിക്കൊണ്ടിരിക്കുന്ന ലയണല്‍ മെസിയെ തേടി മറ്റൊരു അപൂര്‍വ നേട്ടവും. തുടര്‍ച്ചയായി 10 സീസണുകളില്‍, എല്ലാ മത്സരങ്ങളില്‍ നിന്നുമായി 25 ലേറെ ഗോള്‍ നേടുന്ന ആദ്യ ലാ ലിഗ താരമായി മെസി മാറി. കഴിഞ്ഞ ദിവസം റയല്‍ ബെറ്റിസിനെതിരായ മത്സരത്തിലാണ് മെസി അപൂര്‍വ നേട്ടം കൈവരിച്ചത്.
സ്പാനിഷ് ക്ലബ് ബാഴ്സലോണയില്‍ കളിച്ചുതുടങ്ങിയതിന് ശേഷം, 2008-09 സീസണിലാണ് മെസി ആദ്യമായി 25-ലധികം ഗോള്‍ നേടിയത്. ആ സീസണില്‍ മെസി നേടിയത് 38 ഗോളുകളാണ്. പിന്നീട് നടന്ന എട്ട് സീസണിലും മെസി,നാല്പതിലധികം ഗോളുകൾ നേടിയിട്ടുണ്ട്. ഈ സീസണില്‍ ഇനിയും മത്സരങ്ങള്‍ മെസിക്ക് മുന്നിലുണ്ട്.
ഇതിനിടയില്‍ അഞ്ച് സീസണുകളില്‍ ഗോളടിയില്‍ മെസി അര്‍ധശതകം നേടി. 2011-12 സീസണില്‍ നേടിയ 73 ഗോളുകളാണ് മെസിയുടെ റിക്കാര്‍ഡ്. പ്രശസ്തരായ പല സൂപ്പര്‍ താരങ്ങളും കരിയറില്‍ ഒരിക്കല്‍ പോലും സീസണില്‍ 50 ഗോളെന്ന നാഴികകല്ല് മറികടന്നിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
റയല്‍ മഡ്രിഡില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ,ഇതുവര എട്ട് സീസണുകളിലാണ് 25-ലേറെ ഗോള്‍ നേടിയത്. എന്നാല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ അവസാന രണ്ട് സീസണുകളും ചേര്‍ത്താല്‍ റൊണാള്‍ഡോയും തുടര്‍ച്ചയായി പത്ത് സീസണുകളില്‍ 25 ഗോള്‍ നേട്ടം കൈവരിച്ചുകഴിഞ്ഞു. ഈ സീസണില്‍ ഇതുവരെ 18 ഗോളുകളാണ് റൊണാള്‍ഡോ നേടിയിട്ടുള്ളത്.