SHARE

റഷ്യൻ ലോകകപ്പിന് ശേഷം ദേശീയ ടീമിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്ന അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി കഴിഞ്ഞ‌ദിവസം വെനസ്വേലയ്ക്കെതിരെ നടന്ന മത്സരത്തിൽ കളിച്ചാണ് അർജന്റൈൻ ടീമിലേക്ക് തിരിച്ചുവന്നത്. മെസി തിരിച്ചു വന്നെങ്കിലും മത്സരത്തിൽ അർജന്റീന ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയം നേരിട്ടിരുന്നു‌. ഇപ്പോളിതാ നാണം കെട്ട തോൽവിക്ക് പിന്നാലെ മറ്റൊരു തിരിച്ചടി കൂടി മെസിക്കും, അർജന്റീനയ്ക്കും ലഭിച്ചിരിക്കുന്നു. വെനസ്വേലയ്ക്കെതിരായ മത്സരത്തിനിടെ പരിക്ക്‌ പറ്റിയ മെസി മൊറോക്കോയ്ക്കെതിരെ ഈ ചൊവ്വാഴ്ച നടക്കുന്ന സൗഹൃദ മത്സരത്തിൽ കളിക്കില്ലെന്നതാണത്.

ബാഴ്സലോണയ്ക്ക് വേണ്ടി മിന്നും ഫോമിലുള്ള മെസ്സിക്ക് വെനസ്വേലയ്ക്കെതിരെ മികച്ച ഫോമിലെത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ മൊറോക്കോയ്ക്കെതിരെ ആ ക്ഷീണം താരം മാറ്റുമെന്ന് ആരാധകർ കരുതിയിരിക്കുമ്പോളാണ് പരിക്കുമൂലം അദ്ദേഹം അടുത്ത മത്സരത്തിൽ കളിക്കില്ലെന്ന വാർത്ത പുറത്ത് വന്നത്.അർജന്റൈൻ ആരാധകർക്ക്‌ വലിയ നിരാശ സമ്മാനിക്കുന്ന വാർത്തയാണിത്. മൊറോക്കോയ്ക്കെതിരായ മത്സരം നഷ്ടമാകുമെന്ന് ഉറപ്പായ മെസി, അടുത്ത ദിവസം തന്നെ ബാഴ്സലോണയിലേക്ക് പറക്കും. മെസിക്ക് പുറമേ ഇടത് തുടയ്ക്ക് പരിക്കേറ്റ മധ്യനിര താരം ഗോൺസാലോ മാർട്ടിനസിനും അർജന്റീനയുടെ മോറോക്കോയ്ക്കെതിരായ മത്സരം‌ നഷ്ടമാകും.