SHARE

2019-20 സീസണിലേക്കുള്ള ബിസിസിഐയുടെ വാർഷിക കരാർ പട്ടിക പുറത്ത് വന്നത് ഇന്നാണ്. മുൻ നായകനും സീനിയർ താരവുമായ മഹേന്ദ്ര സിംഗ് ധോണി കരാറിൽ നിന്ന് പുറത്തായതാണ് ഏറ്റവും ശ്രദ്ധേയം. മൊത്തം 27 താരങ്ങൾ ഇടം പിടിച്ച ബിസിസിഐ വാർഷിക കരാറിൽ ധോണിയുടെ പേരില്ലാത്തത് ക്രിക്കറ്റ് ലോകത്തിന് വലിയ ഞെട്ടൽ സമ്മാനിക്കുന്നുണ്ട്. കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പ് സെമിയിലെ തോൽവിക്ക് ശേഷം ഇത് വരെ ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്താത്ത ധോണിയുടെ അന്താരാഷ്ട്ര കരിയറിന് ഇതോടെ ഏറെക്കുറെ അവസാനമായെന്ന തരത്തിലാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ സംസാരം.

അതേ സമയം ധോണിക്ക് മാത്രമല്ല ബിസിസിഐയുടെ പുതിയ വാർഷിക കരാറിൽ പുറത്ത് പോകേണ്ടി വന്നിരിക്കുന്നത്. ധോണിക്ക് പുറമേ ദിനേഷ് കാർത്തിക്ക്, അമ്പാട്ടി റായുഡു, ഖലീൽ അഹമ്മദ് എന്നീ സൂപ്പർ താരങ്ങളും പുതിയ കരാർ പട്ടികയിലില്ല. ഇതിൽ ദിനേഷ് കാർത്തിക്ക് അവസാനം ഇന്ത്യയ്ക്കായി കളിച്ചത് ന്യൂസിലൻഡിനെതിരെ കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പ് സെമിയിലായിരുന്നു. ഇതിന് ശേഷം ടീമിൽ നിന്ന് പുറത്തായ താരം ഭാവിയിലും ദേശീയ ടീമിലേക്ക് മടങ്ങി വരാനുള്ള സാധ്യതകൾ വളരെ വിരളമാണ്‌. പ്രത്യേകിച്ചും, വിക്കറ്റ് കീപ്പറുടെ സ്ഥാനത്തും, മധ്യനിര ബാറ്റിംഗിലും ഇന്ത്യ യുവ താരങ്ങളെ കൂടുതൽ ആശ്രയിക്കാൻ താൽപ്പര്യപ്പെടുന്നതിനാൽ.

അതേ സമയം ഓസ്ട്രേലിയക്കെതിരെ കഴിഞ്ഞ വർഷം നാട്ടിൽ വെച്ച് നടന്ന ഏകദിന പരമ്പരയി ലായിരുന്നു അമ്പാട്ടി റായുഡു അവസാനമായി ഇന്ത്യൻ ജേഴ്സിയണിഞ്ഞത്. ലോകകപ്പ്‌ ടീമിൽ ഇടം ലഭിക്കാത്തതിന് പിന്നാലെ ക്രിക്കറ്റിൽ നിന്ന് താരം വിരമിക്കലും പ്രഖ്യാപിച്ചിരുന്നു. പിന്നീട് തന്റെ വിരമിക്കൽ തീരുമാനം പിൻ വലിച്ചെങ്കിലും റായുഡുവും ഭാവിയിൽ ഇന്ത്യൻ ജേഴ്സിയിലേക്ക് മടങ്ങിവരാനുള്ള ‌സാധ്യത വിദൂരമാണ്. പോയ വർഷം ബംഗ്ലാദേശിനെതിരെ നാഗ്പൂരിൽ നടന്ന ടി20 മത്സരത്തിലാണ് ഇടം കൈയ്യൻ പേസർ ഖലീൽ അഹമ്മദ് അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. മികവ് തെളിയിക്കാൻ പല തവണ ഇന്ത്യൻ ജേഴ്സിയിൽ അവസരങ്ങൾ ലഭിച്ചെങ്കിലും ഇത് വരെ അത് മുതലെടുക്കാൻ ഖലീലിന് കഴിഞ്ഞിട്ടില്ല.