ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒരു സീസണിൽ തന്നെ എതിരാളികളായ എല്ലാ ടീമുകളേയും തോൽപ്പിച്ചതിന്റെ നേട്ടം ഇനി ലിവർപൂളിനും. ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ വെസ്റ്റ്ഹാമിനെ തോൽപ്പിച്ചതോടെയാണ് ഈ നേട്ടത്തിൽ ചെമ്പട പങ്കാളിയായത്. പ്രീമിയർ ലീഗിൽ ഇക്കുറി എതിരാളികളായ 19 ടീമും ഇതോടെ ലിവർപൂളിനോട് തോൽവിയറിഞ്ഞു.
വെസ്റ്റ്ഹാമിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു യുർഗൻ ക്ലോപ്പിന്റെ സംഘത്തിന്റെ ജയം. 35-ാം മിനിറ്റിൽ പെനാൽറ്റി വലയിലാക്കി മുഹമ്മദ് സാലയും 52-ാം മിനിറ്റിൽ ഇംഗ്ലീഷ് താരം അലക്സ് ഓക്സ്ലെയിഡ് ചേമ്പർലിനുമാണ് ലിവർപൂളിന്റെ ഗോളുകൾ നേടിയത്.
വെസ്റ്റ് ഹാമിനെതിരായ ജയത്തോടെ ലീഗിൽ ഒന്നാമതുള്ള ലിവർപൂളിന്റെ ലീഡ് 19 പോയിന്റായി ഉയർന്നു. 24 മത്സരങ്ങൾ പൂർത്തിയായപ്പോൾ 23-ും ജയിച്ച ലിവർപൂളിന് 70 പോയിന്റാണുള്ളത്. രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റിക്കാകട്ടെ 51 പോയിന്റ് മാത്രമാണുള്ളത്. 48 പോയിന്റുള്ള ലെസ്റ്റർ സിറ്റി മൂന്നാമതും 40 പോയിന്റുള്ള ചെൽസി നാലാമതുമാണ്.