SHARE

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ ലിവർപൂളിന് വൻജയം. സ്വന്തം മൈതാനമായ ആൻഫീൽഡിൽ നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത അഞ്ച്​ ​ഗോളിന് ഹഡേഴ്സ്ഫീൽഡിനെതിരെയാണ് ലിവർപൂൾ ജയിച്ചത്. ജയത്തോടെ പോയിന്റ് പട്ടികയിൽ ചെമ്പട വീണ്ടും ഒന്നാമതെത്തി.

മത്സരത്തിന്റെ ആദ്യ മിനിറ്റിൽ തന്നെ ലിവർപൂൾ ലീഡ് നേടി. നബി കെയ്റ്റയായിരുന്നു വലകുലുക്കിയത്. മത്സരത്തിന്റെ 23-ാം മിനിറ്റിൽ ലിവർപൂൾ ലീഡുയർത്തി. ഇക്കുറി സെന​ഗൽ താരം സാദിയോ മാനെയായിരുന്നു വലകുലുക്കിയത്. മത്സരം ആദ്യ പകുതി പൂർത്തിയാകുന്നതിന് തൊട്ടുമുമ്പ് ഈജിപ്ഷ്യൻ സൂപ്പർ താരം മുഹമ്മദ് സലയിലൂടെ ലിവർപൂൾ ലീഡ് മൂന്നാക്കി ഉയർത്തി.

-Advertisement-

മത്സരത്തിന്റെ 66-ാം മിനിറ്റിൽ സാദിയോ മാനെ തന്നെ ലീഡ് നാലാക്കി ഉയർത്തി. 83-ാം മിനിറ്റിൽ തന്റെ രണ്ടാം ​ഗോളോടെ മുഹമ്മ​ദ് സാല ഹഡേഴ്സ്ഫീൽഡിന്റെ പെട്ടിയിൽ അവസാന ആണിയുമടിച്ചു. വിജയത്തോടെ 36 മത്സരങ്ങളിൽ നിന്ന് 91 പോയിന്റോടെ ലിവർപൂൾ ഒന്നാമതാണ്. ഒരു മത്സരം കുറച്ചുകളിച്ച മാഞ്ചസ്റ്റർ സിറ്റി 89 പോയിന്റോടെ രണ്ടാമതുണ്ട്.