SHARE

ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിനെ തകര്‍ക്കാന്‍ യുണൈറ്റഡിനുമായില്ല. സ്വന്തം തട്ടകത്തില്‍ ലിവര്‍പൂള്‍ തകര്‍ത്താടിയപ്പോള്‍ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് ഒപ്പം ചേര്‍ന്നത്. ഇതോടെ 16 പോയിന്റ് ലീഡുമായി കിരീടത്തിലേയ്ക്കടുക്കുകയാണ് ലിവര്‍പൂള്‍. ഒരു കളി കുറവാണ് ലിവര്‍പൂള്‍ കളിച്ചിരിക്കുന്നത് എന്നതു കൂടി കണക്കിലെടുക്കുമ്പോള്‍ ഒന്നാം സ്ഥാനത്ത് അജയ്യരാണ് ലിവര്‍പൂള്‍.

കളി തുടങ്ങി 14-ാം മിനിറ്റില്‍ തന്നെ ലിവര്‍പൂള്‍ ലീഡ് നേടി. വിര്‍ജില്‍ വാന്‍ഡെയ്കിലൂടെയായിരുന്നു ലിവര്‍പൂള്‍ യുണൈറ്റഡിന്റെ വല കുലുക്കിയത്. അലക്‌സാണ്ടര്‍ അര്‍ണാള്‍ഡിന്റെ കോര്‍ണര്‍ കിക്ക് മനോഹരമായ ഒരു ഹെഡ്ഡറിലൂടെ വന്‍ദെയ്ക് വലയിലെത്തിക്കുകയായിരുന്നു. അദ്യ പകുതിയില്‍ തിരിച്ചടിക്കാനുള്ള യുണൈറ്റഡ് ശ്രമങ്ങള്‍ ഫലം കണ്ടില്ല.

ഒരു ഗോള്‍ ലീഡിന്റെ ആത്മവിശ്വാസത്തില്‍  രണ്ടാം പകുതിക്കിറങ്ങിയ ലിവര്‍പൂളിന് തുടക്കത്തില്‍ അവസരം ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാനായില്ല. എന്നാല്‍ അധിക സമയത്ത് മുഹമ്മദ് സലയിലൂടെ രണ്ടാം ഗോള്‍ നേടിയ ലിവര്‍പൂള്‍ വിജയം ആധികാരികമാക്കി. നിലവില്‍ 34 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് യുണൈറ്റഡ്.