SHARE

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് പോരാട്ടം അവസാനഘട്ടത്തിലേക്ക് ഇതുവരെ എത്തിയിട്ടില്ല. എങ്കിലും നിലവിലെ പ്രകടനം തുടർന്നാൽ വൈകാതെ തന്നെ ലിവർപൂൾ കിരീടമുറപ്പിക്കും. അത്തരത്തിൽ നോക്കിയാൽ സീസൺ ഏതാണ്ട് അവസാനഘട്ടത്തിലാണ്. അതിനാൽ തന്നെ പ്രീമിയർ ലീ​ഗ് സീസണിലെ മികച്ച താരം ആരാകുമെന്നുള്ള ചർച്ചകൾ തകൃതിയാണ്.

തുടർച്ചയായി മൂന്നാം തവണയും ഒരു ലിവർപൂൾ താരം തന്നെയാകും ലീ​ഗിലെ താരമെന്നാണ് സൂചന. 2018-ൽ മുഹമ്മദ് സാലയും, കഴിഞ്ഞ വർഷം വിർജിൽ വാൻ ഡൈക്കുമായിരുന്നു ജേതാക്കൾ. ഇക്കുറി ഇരുവരും സാധ്യതാ പട്ടികിയിലുണ്ടെങ്കിലും നിലവിൽ മുന്നിലുള്ളത് ടീം ക്യാപ്റ്റൻ ജോർദാൻ ഹെൻഡേഴ്സനാണെന്ന് ഇം​ഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അപ്രതീക്ഷിതമാണ് മധ്യനിരതാരമായ ഹെൻഡേഴ്സന്റെ കുതിപ്പ്.

പ്രീമിയർ ലീ​ഗിൽ ഇതുവരെ മൂന്ന് ​ഗോളുകൾ മാത്രമാണ് ഹെൻഡേഴ്സൻ നേടിയത്. വഴിയൊരുക്കിയതാകട്ടെ നാല് ​ഗോളുകൾക്കും. എന്നാൽ ലിവർപൂൾ മധ്യനിരയിൽ നടത്തുന്ന കഠിനാധ്വാനവും നേതൃശേഷിയുമാണ് ഹെൻഡേഴ്സനെ ഇപ്പോൾ ഫേവറിറ്റ് ആക്കിയതെന്നാണ് സൂചന. അതോടൊപ്പം മുൻകാലങ്ങളിൽ നേരിട്ട രൂക്ഷ വിമർശങ്ങൾക്ക് ഇപ്പോൾ മിന്നുന്ന പ്രകടനത്തിലൂടെ നൽകുന്ന മറുപടിയും ഹെൻഡേഴ്സന് അനുകൂലമാണ്. ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് കിരീടമുയർത്തുന്ന ആദ്യ ലിവർപൂൾ ക്യാപ്റ്റൻ എന്ന ചരിത്രനേട്ടം സ്വന്തമാക്കുക കൂടി ചെയ്താൽ ഒരുപക്ഷെ ഹെൻഡേഴ്സൻ തന്നെയാകും ഇക്കുറി താരം.

ലിവർപൂൾ താരം തന്നെയായ സാദിയോ മാനെയാണ് സാധ്യതാ പട്ടികയിൽ ഹെൻഡേഴ്സന് പിന്നിലുള്ളത്. മാഞ്ചസ്റ്റർ സിറ്റി താരം കെവിൻ ഡി ബ്രുയനാണ് സാധ്യത കൽപ്പിക്കുന്ന മറ്റൊരു താരം. ലിവർപൂളിന്റെ തന്നെ റോബർട്ടോ ഫിർമീന്യോ, ട്രെന്റ് അലക്സാണ്ടർ അർനോൾഡ്, ഫാബീന്യോ, സിറ്റി താരം റഹിം സ്റ്റെർലിങ്, ലെസ്റ്റർ സിറ്റിയുടെ ജെയ്മി വാർഡി തുടങ്ങിയവരും സാധ്യതാ പട്ടികയിലുണ്ട്.