SHARE

പെപ് ഗ്വാര്‍ഡിയോള എന്ന് സ്‌പെയിന്‍കാരന്‍ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ നഗരത്തില്‍ നിന്ന് തുറന്നുവിട്ട പോരുകാളയായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റി. ആര്‍ക്കും തടയാനോ പിടിച്ചുകെട്ടാനോ ആകാതെ അതങ്ങനെ ഇംഗ്ലണ്ട്‌ മുഴുവന്‍ നാശം വിതച്ചു. മൂക്കുകയറിടാനെത്തിയ ഹോസെ മൊറീന്യോയ്ക്കും അന്റോണിയോ കോണ്ടെയ്ക്കും, ആഴ്‌സന്‍ വെഗംഗര്‍ക്കും കാളക്കൂറ്റന്റെ പ്രഹരമേറ്റണാ മടങ്ങാനായത്. ഒടുവില്‍ ലിവര്‍പൂളിലെ ആന്‍ഫീല്‍ഡില്‍ യുര്‍ഗന്‍ ക്ലോപ്പ് എന്ന ജര്‍മന്‍കാരന്‍ പഠിപ്പിച്ച തന്ത്രങ്ങളുമായി, ഇറങ്ങിയ ചുവപ്പുകുപ്പായക്കാര്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ വീഴ്ത്തി.

മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് സിറ്റിക്കെതിരെ ലിവര്‍പൂളിന്റെ ജയം. പ്രീമീയര്‍ ലീഗ് സീസണില്‍ തോല്‍വിയറിയാത്ത 22 മത്സരങ്ങള്‍ക്ക് ശേഷമാണ് സിറ്റിക്ക് തിരച്ചടി നേരിട്ടത്. ലിവര്‍പൂളിനാകട്ടെ, സൂപ്പര്‍ താരം ഫിലിപ്പ് കുട്ടിന്യോ ബാഴ്‌സലോണയിലേക്ക് ചേക്കേറിയശേഷം നടന്ന ആദ്യ ലീഗ് മത്സരത്തില്‍ തന്നെ ജയവും. അതിലുപരി, സെപ്റ്റംബറില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തങ്ങളെ മുക്കിയ സിറ്റിയോടുള്ള പ്രതികാരം കൂടിയായി ലിവര്‍പൂളിനിത്.

അലക്‌സ് ഓക്ലലെയ്ഡ് ചേംബര്‍ലനിലൂടെ ലിവര്‍പൂളാണ് ആദ്യം മുന്നിലെത്തിയത്. നാല്‍പ്പതാം മിനിറ്റില്‍ ലിറോയെ സാനെയിലൂടെ സിറ്റി സമനിലപിടിച്ചു. രണ്ടാം പകുതിയില്‍ പത്ത് മിനിറ്റിനിടെ റോബര്‍ട്ട് ഫിര്‍മിന്യോ, സാദിയോ മാനെ, മൂഹമ്മദ് സാല എന്നിവര്‍ ഗോളുകള്‍ നേടിയതോടെ ലിവര്‍പൂള്‍ വമ്പന്‍ ജയമുറപ്പിച്ചു. എന്നാല്‍  ബെര്‍ണാര്‍ഡ് സില്‍വയും, ഇഞ്ച്വറി ടൈമില്‍ ഗുണ്‍ഡോഗനും ഗോള്‍ നേടിയതോടെ സിറ്റി സമനിലയിക്കായി പൊരുതിയെങ്കിലും, അവസാന വിസില്‍ മുഴങ്ങുമ്പോള്‍ സമനിലയ്ക്ക് ഒരു ഗോള്‍ അകലെയായിരുന്നു സിറ്റി.

മത്സരം ജയിച്ചതോടെ, 47 പോയിന്റുമായി ലിവര്‍പൂള്‍ പോയിന്റ് പട്ടികയില്‍ മൂന്നാമതെത്തി. തോറ്റെങ്കിലും,രണ്ടാം സ്ഥാനത്തുള്ള യുണൈറ്റഡിനേക്കാള്‍ 15 പോയിന്റ് ലീഡില്‍ ലീഗില്‍ സിറ്റി ഒന്നാം സ്ഥാനത്ത് തുടരുന്നു.

പ്രീമിയര്‍ ലീഗില്‍ മറ്റൊരു മത്സരത്തില്‍ കരുത്തരായ ആഴ്‌സനലിനെ ബേണ്‍മത്ത് അട്ടിമറിച്ചു. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രമ്ട് ഗോളുകള്‍ക്കാണ് ബേണ്‍മത്ത്, ഗണ്ണേഴ്‌സിനെ വീഴ്ത്തിയത്.
അലക്,സിസ് സാഞ്ചസും, മെസ്യൂട്ട് ഓസിലും കളിക്കാനിറങ്ങാതിരുന്ന മത്സരരത്തില്‍, ഹെക്ടര്‍ ബെല്ലരിനിലൂടെ 52-ാം മിനിറ്റില്‍ ആഴ്‌സനലാണ് ആദ്യം മുന്നിലെത്തിയത്. 70-ാം മിനിറ്റില്‍ കല്ലം വില്‍സണിലൂടെ ബേണ്‍മത്ത് സമനിലി പിടിച്ചു.നാല് മിനിറ്റിന് ശേഷം ജോര്‍ദാന്‍ ഇബെയുടെ ആദ്യ പ്രീമിയര്‍ ലീഗ് ഗോളിലൂടെ ബേണ്‍മത്ത് വിജയംം പിടിച്ചുവാങ്ങി.

സ്പാനിഷ് ലാ ലിഗയില്‍ റയല്‍ സോസിഡഡിനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്ത് ബാഴ്‌സലോണ മൂന്നേറ്റം തുടരുന്നു. ബാഴ്‌സയ്ക്കായി ലൂയി സുവാരസ് ഇരട്ട ഗോള്‍ നേടി. ലയണല്‍ മെസി, പൗളിന്യോ എന്നിവരാണ് മറ്റ് ഗോള്‍സ്‌കറര്‍മാര്‍. സോസിഡഡിനായി വില്ല്യന്‍ ജോസ്, ജുവാന്‍മി എന്നിവരാണ് ഗോളുകള്‍ നേടിയത്.

മത്സരത്തിലെ ഗോളോടെ മറ്റൊരു റിക്കാര്‍ഡ് ലയണല്‍ മെസിയെ തേടിയെത്തി. യൂറോപ്പിലെ പ്രധാന ലീഗുകളില്‍ ഏതെങ്കിലും ഒരു ക്ലബിനായി ഏറ്റവുമധികം ഗോള്‍ നേടിയ താരമായി മെസി. ഇന്നലത്തേത് മെസിയുടെ 366-ാം ലാ ലിഗ ഗോളായിരുന്നു. ബയേണ്‍ മു്യൂണിക്കിനായി 365 ബുന്ദസ് ലിഗ ഗോള്‍ നേടിയ ഗേര്‍ഡ് മുള്ളറെയാണ് മെസി മറികടന്നത്.

ഫ്രഞ്ച് ലീഗില്‍ നാന്റ്‌സിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്ന് പി.എസ്.ജി മുന്നേറ്റം തുടരുന്നു. നെയ്മിര്‍ കളിക്കാതിരുന്ന മത്സരത്തില്‍ അര്‍ജന്റൈന്‍ താരം എയ്ഞ്ചല്‍ ഡി മരിയയാണ് പാരീസ് ടീമിനായി വലകുലുക്കിയത്