SHARE

അടുത്ത വർഷം ഞങ്ങളുടേതെന്ന് ആവർത്തിക്കുന്ന ലിവർപൂൾ ആരാധകർക്ക് ഇക്കുറി അത് സാക്ഷാത്കരിക്കപ്പെട്ടേക്കും. പ്രീമിയർ ലീ​ഗ് പാതി പിന്നിട്ടപ്പോൾ 13 പോയിന്റ് എന്ന കൂറ്റൻ ലീഡോടെ ലിവർപൂൾ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഇന്നലെ വോൾവറാംപ്ടനെതിരായ മത്സരത്തിലും വിജയിച്ചതോടെയാണ് ലിവർപൂൾ ലീഡ് ഉയർത്തിയത്.

സാദിയോ മാനെ നേടിയ ഏക ​ഗോളിന്റെ ബലത്തിലാണ് വോൾവ്സിനെതിരായ ചെമ്പടയുടെ ജയം. ഇതോടെ ലീ​ഗിൽ 19 മത്സരങ്ങളിൽ നിന്ന് 55 പോയിന്റാണ് ലിവർപൂളിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള ലെസ്റ്റർ സിറ്റിക്ക് 20 മത്സരങ്ങളിൽ നിന്ന് 42 പോയിന്റാണുള്ളത്. മറ്റ് ടീമുകളുമായി താരതമ്യം ചെയ്യുമ്പോൾ ഒരു മത്സരം കുറച്ചാണ് ലിവർപൂൾ കളിച്ചതും.

കഴിഞ്ഞ സീസണിലും ഒരു ഘട്ടത്തിൽ ഏഴ് പോയിന്റ് വരെ ലീഡ് നേടിയ ശേഷം ലിവർപൂൾ കിരീടം കൈവിട്ടിരുന്നു. അതും വെറും ഒരു പോയിന്റ് വ്യത്യാസത്തിൽ. കഴിഞ്ഞ സീസണിൽ ആകെ ഒരു മത്സരം മാത്രം തോറ്റ ലിവർ‍പൂളിന് പണി കിട്ടിയത് അനാവശ്യമായി വഴങ്ങിയ സമനിലകളാണ്.

അതിനാൽ തന്നെ ഇക്കുറി ഓരോ മത്സരത്തിലും വിജയം എന്ന ഒറ്റ ലക്ഷ്യം മാത്രമെ യുർ​ഗൻ ക്ലോപ്പിന്റെ സംഘത്തിനുള്ളു. സീസണിലെ 19 മത്സരങ്ങളിൽ 18-ലും ലിവർപൂൾ ജയിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡിനോട് സമനില വഴങ്ങിയത് മാത്രമാണ് ഇക്കുറി ലിവർപൂളിന് ജയിക്കാൻ സാധിക്കാതിരുന്ന മത്സരം.

തുടർച്ചയായി മത്സരങ്ങൾ നടന്ന ഡിസംബർ മാസത്തിൽ ലീ​ഗിൽ വിജയക്കുതിപ്പ് നടത്താൻ ലിവർപൂളിന് കഴിഞ്ഞു. സൂപ്പർ താരം ഫാബീന്യോയുടെ പരുക്കും ഇതിനിടെ പ്രശ്നമായി. എന്നാലിനി ജനുവരി മാസത്തിൽ മറ്റ് ടൂർണമെന്റുകളൊന്നുമില്ലാത്തതിനാൽ ലീ​ഗിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ലിവർപൂളിനാകും. പരുക്ക് ഭേദമായ ഫാബിന്യോ ടീമിലേക്ക് ഉടൻ മടങ്ങിയെത്തുമെന്നാണ് സൂചന.