SHARE

കമ്മ്യൂണിറ്റി ഷീൽഡ് കപ്പിനായുള്ള മാഞ്ചസ്റ്റർ സിറ്റിക്കെതിരായ മത്സരത്തിൽ ലിവർപൂളിന് തിരിച്ചടി. ടീമിന്റെ സൂപ്പർ താരമായ സാദിയോ മാനെ മത്സരത്തിൽ കളിക്കില്ലെന്നതാണ് ലിവർപൂളിന് തിരിച്ചടിയാകുന്നത്.

മുൻ സീസണിൽ പ്രീമിയർ ലീ​ഗ് ജേതാക്കളും എഫ്.എ കപ്പ് ജേതാക്കളും തമ്മിലാണ് കമ്മ്യൂണിറ്റി ഷീൽഡിനായി മത്സരിക്കാറുള്ളത്. കഴിഞ്ഞ സീസണിൽ രണ്ട് കിരീടങ്ങളും സിറ്റി നേടിയതിനാൽ. പ്രീമിയർ ലീ​ഗ് രണ്ടാം സ്ഥാനക്കാരായ ലിവർപൂളാണ് സിറ്റിയുമായി ഏറ്റുമുട്ടുന്നത്. പ്രീമിയർ ലീ​ഗ് സീസണിന്റെ കർട്ടൻ റൈസർ എന്നറിയപ്പെടുന്ന കമ്മ്യൂണിറ്റി ഷീൽഡ പോരാട്ടം ഓ​ഗസ്റ്റ് നാലിന് വെംബ്ലി സ്റ്റേഡിയത്തിലാണ്. എന്നാൽ സെന​ഗൽ താരം മാനെ മത്സരത്തിൽ ലിവർപൂൾ നിരിയിൽ ഉണ്ടാകില്ല

ആഫ്രിക്കൻ നേഷൻസ് കപ്പിൽ സെന​ഗൽ ഫൈനലിലെത്തിയിരുന്നു. നേഷൻസ് കപ്പിന് ശേഷം മാനെയ്ക്ക് വിശ്രമത്തിന് അധികം സമയം കിട്ടിയിട്ടില്ല. അതിനാലാണ് കമ്മ്യൂണിറ്റി ഷീൽഡിനുള്ള ടീമിൽ ഉൾപ്പെടുത്തതെന്ന് ലിവർപൂൾ പരിശീലകൻ യുർ​ഗൻ ക്ലോപ് പറഞ്ഞു. അതേസമയം തന്നെ കമ്മ്യൂണിറ്റി ഷീൽഡ് മത്സരത്തിന് ശേഷം തൊട്ടടുത്ത ദിവസം തന്നെ ക്ലബിനൊപ്പം മാനെ ചേരുമെന്ന് അദ്ദേഹം അറിയിച്ചു