SHARE

പതിമൂന്ന് പോയിന്റ് ലീഡുമായി ഇം​ഗ്ലീഷ് പ്രിമിയർ ലീ​ഗിൽ ഒന്നാം സ്ഥാനത്ത് കുതിക്കുകയാണ് ലിവർപൂൾ. ലീ​ഗ് സീസണിൽ ഇതുവരെ ലിവർപൂൾ തോൽവിയറിഞ്ഞിട്ടുമില്ല. ഈ സാഹചര്യങ്ങളൊക്കെ കണക്കുകൂട്ടി, ആദ്യ പ്രീമിയർ ലീ​ഗ് കിരീടം ചൂടി ചെമ്പട ചരിത്രം കുറിയ്ക്കുമെന്ന് വിശ്വസിക്കുകയാണ് ആരാധകർ.

സാധാരണ ​ഗതിയിൽ ലീ​ഗ് പകുതിയാകുമ്പോൾ 13 പോയിന്റ് ലീഡ് എന്നത് വളരെ വലുതാണ്. മറ്റ് ഏത് ക്ലബാണെങ്കിലും കിരീടമുറപ്പിച്ചു കഴിഞ്ഞു എന്ന സാഹചര്യം. പക്ഷെ വൻ ലീഡ് കൈവിട്ട് കിരീടം നഷ്ടമാക്കിയ ചരിത്രം ലിവർപൂളിനുള്ളതിനാൽ, ആഘോഷം തുടങ്ങാൻ ഇപ്പോഴും പലരും മടിച്ചുനിൽക്കുകയാണ്. എന്നാൽ ജനുവരി മാസം കഴിയുന്നതോടെ ലീ​ഗിൽ ചെമ്പടയുടെ ഭാവി എന്തെന്ന് വ്യക്തമായേക്കും.

പ്രീമിയർ ലീ​ഗിൽ ഈ മാസം ലിവർപൂളിന് ഇനി ബാക്കിയുള്ളത് നാല് മത്സരങ്ങളാണ്. ഇതിൽ ആദ്യത്തെ മൂന്ന് മത്സരങ്ങൾ ഒരുപക്ഷെ ലിവർപൂളിന്റെ വിധി നിശ്ചയിക്കും. കാരണം കാത്തിരിക്കുന്ന മൂന്നും കനത്ത വെല്ലുവിളികൾ തന്നെ. ടോട്ടനം, മാഞ്ചസ്റ്റർ യുണൈറ്റഡ്, വോൾവറാംപ്ടൻ എന്നിവരാണ് ചെമ്പടയുടെ ആദ്യ മൂന്ന് എതിരാളികൾ

ജനുവരി പതിനൊന്നിനാണ് ടോട്ടനത്തിനെതിരായ മത്സരം. അതും അവരുടെ ​ഗ്രൗണ്ടിൽ. ആൻഫീൽഡിൽ നടന്ന മത്സരം ജയിച്ച ലിവർപൂളിന് എവേ ​ഗ്രൗണ്ടിൽ നേരിടേണ്ടത് ഹോസെ മൗറീന്യോ എന്ന തന്ത്രജ്ഞനെ കൂടിയാണ്. യുണൈറ്റഡിനെതിരായ മത്സരം ജനുവരി 19-നാണ്. ആൻഫീൽഡിലാണ് ഈ മത്സരമെന്നത് ലിവർപൂളിന് ആശ്വസമാണ്.

യുണൈറ്റഡ് ലീ​ഗിൽ അത്ര നല്ല ഫോമിലല്ലെങ്കിലും ഇതുവരെ ടോപ് ക്ലബുകളെ നേരിട്ടപ്പോഴൊക്കെ മിന്നുന്ന ഫോമിലായിരുന്നു. ഈ സീസണിൽ ലിവർപൂളിന് തോൽപ്പിക്കാൻ സാധിക്കാതിരുന്ന ഏക ടീം യുണൈറ്റഡാണ്. ഓൾഡ് ട്രഫോർഡിൽ നടന്ന ആ മത്സരം സമനിലയായിരുന്നു.

24-ാം തിയതിയാണ് വോൾവ്സുമായുള്ള മത്സരം. അതും എവേ ​ഗ്രൗണ്ടിൽ. കഴിഞ്ഞ ദിവസം ഇരുവരും തമ്മിൽ ആൻഫീൽഡിൽ ഏറ്റുമുട്ടിയപ്പോൾ എതിരില്ലാത്ത ഒരു ​ഗോളിന് ലിവർപൂൾ ജയിച്ചിരുന്നു. എന്നാൽ അന്ന് ലിവർപൂളിനെ വിറപ്പിച്ച ചെന്നായക്കൂട്ടം സ്വന്തം ​ഗ്രൗണ്ടിലെത്തുമ്പോൾ അത്ഭുതം കാട്ടുമോയെന്ന ആകാംഷയിലാണ് ആരാധകർ. 30-ന് വെസ്റ്റ് ഹാമിനെതിരെയാണ് ലിവർപൂളിന്റെ മാസത്തിലെ അവസാന മത്സരം. അതും എവേ തന്നെ

കടുത്ത വെല്ലുവിളിയാണ് ക്ലോപ്പിനെ കാത്തിരിക്കുന്നത്. നിലവിലെ ലീഡ് പ്രകാരം ഈ മൂന്ന് മത്സരങ്ങൾ തോറ്റാൽ പോലും ലിവർപൂളിന് പ്രശ്നമല്ല. പക്ഷെ ക്ലോപ്പിന്റേയും സംഘത്തിന്റേയും ലക്ഷ്യം അതല്ല. മൂന്ന് കടുത്ത വെല്ലുവളികളേയും അതിജീവിച്ച് പരമാവധി പോയിന്റ് സ്വന്തമാക്കുക മാത്രമാണ് അവരുടെ ലക്ഷ്യം. അതിന് സാധിച്ചാൽ ലിവർപൂൾ ആരാധകർക്ക് ധൈര്യമായ് പറയാം. ദിസ് ഇയർ ഈസ് അവേഴ്സ്