SHARE

ഫുട്‌ബോളില്‍ എല്ലാ ടീമുകളിലും മികച്ച ഒരു കൂട്ടുകെട്ടെങ്കിലുമുണ്ടാകും. ആദ്യമൊക്കെ രണ്ട് താരങ്ങള്‍ ചേര്‍ന്നുള്ള കൂട്ടുകെട്ടുകളായിരുന്നെങ്കില്‍ പിന്നീടത് മൂന്ന് പേര്‍ ചേര്‍ന്നുള്ള ത്രയങ്ങളായി. പ്രധാനമായും ബാഴ്‌സലോണയിലായിരുന്നു ഇത് തുടങ്ങിയത്. ഇപ്പോള്‍ പ്രധാന ടീമുകളെല്ലാം മൂന്ന് പേര്‍ ചേര്‍ന്നുള്ള മുന്നേറ്റ ത്രയത്തെയാണ് പരിഗണിക്കുന്നത്.

ഇന്ന് യൂറോപ്പിലുള്ള ഏറ്റവും മാരകമായ മുന്നേറ്റ ത്രയം ഏതെന്ന് ചോദിച്ചാല്‍ നിസംശയം പറയാവുന്ന ഉത്തരം ലിവര്‍പൂളെന്നാണ്. ഈജിപ്ത് മാന്ത്രികന്‍ മുഹമ്മദ് സാല, സെനഗല്‍ താരം സാദിയോ മാനെ, ബ്രസീലിയന്‍ താരം റോബര്‍ട്ട് ഫിര്‍മിന്യോ എന്നിവരാണ് ഇന്ന് ലിവര്‍പൂളിന്റെ മുന്നേറ്റം ഭരിക്കുന്നത്‌. മൂവരും ചേര്‍ന്ന് ഇതുവരെ സീസണിലെ എല്ലാ മത്സരങ്ങളില്‍ നിന്നുമായി നേടിയത് 63 ഗോളുകളാണ്. സാല തന്നെ 30 ഗോള്‍ നേടി, ഫിര്‍മിന്യോ 21-ഉം, മാനെ 12 ഗോളുകളും നേടി. മറ്റ് പ്രീമിയര്‍ ലീഗ് ക്ലബുകളെല്ലാം ഇവര്‍ക്ക് പിന്നിലാണ്.

പ്രീമിയർ ലീഗില്‍ ഒന്നാമതുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുടെ സെര്‍ജിയോ അഗ്യൂറോ, റഹീം സ്‌റ്റെര്‍ലിങ്, ലെറോയ് സാനെ ത്രയം ഇതുവരെ നേടിയത് 59 ഗോളുകളാണ്, ടോട്ടനത്തിന്റെ ഹാരി കെയിന്‍, ഹ്യൂങ് മിന്‍ സണ്‍, ഡെലി അലി എന്നിവര്‍ ചേര്‍ന്ന് നേടിയത് 52 ഗോളുകളുമാണ്.

യൂറോപ്പിലെ മറ്റ് പ്രധാന ടീമുകള്‍ നോക്കിയാല്‍ ലിവര്‍പൂള്‍ ത്രയത്തിന് മുന്നിലുള്ളത് പി.എസ്.ജിയുടെ നെയ്മര്‍, എഡിന്‍സന്‍ കവാനി, കെയിലിന്‍ എംബാപെ എന്നിവരുട മുന്നേറ്റത്രയമാണ്. മൂവരും ചേര്‍ന്ന് നേടിയത് 71 ഗോളുകളാണ്. എന്നാല്‍ താരതമ്യേന ഫ്രഞ്ച് ലീഗില്‍ പോരാട്ടം അത്ര കടുത്തതല്ല. അതിനാല്‍ തന്നെ ഏറ്റവും അപകരടകരമായ മുന്നേറ്റം എന്ന് പി.എസ്.ജിയെ വിശേഷിപ്പിക്കാനാകില്ല. റയല്‍ മഡ്രിഡിന്റെ പ്രശസ്തമായ ബി.ബി.സി ത്രയം ഇക്കുറി ഇതുവരെ നേടിയത് 40 ഗോളുകള്‍ മാത്രമാണ്.

ഫിലിപ്പ് കുട്ടിന്യോ ഉണ്ടായിരുന്നപ്പോള്‍ ഫാബ് ഫോര്‍ എന്ന് വിശേഷിപ്പിച്ച ലിവര്‍പൂള്‍ മുന്നേറ്റമാണ് ഇപ്പോള്‍ ത്രില്ലിങ് ത്രീ എന്നറിയപ്പെടുന്നത്. പ്രീമിയര്‍ ലീഗിനൊപ്പം തന്നെ ചാമ്പ്യന്‍സ് ലീഗിലും അപാര ഫോമിലുള്ള ലിവര്‍പൂളില്‍ നിന്ന് ഇക്കുറി ഒരു ചാമ്പ്യന്‍സ് ലീഗ് കിരീടവും ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്.