എഫ്ഏ കപ്പിൽ ലിവർപൂൾ ചാമ്പ്യന്മാർ. സഡൻഡെത്തിലേക്ക് നീണ്ട കലാശപ്പോരിൽ ചെൽസിയെ തോൽപ്പിച്ചാണ്(6-5) യുർഗൻ ക്ലോപ്പിന്റെ പട കിരീടമുയർത്തിയത്. ലിവർപൂളിന്റെ എട്ടാം എഫ്ഏ കപ്പ് കിരീടമാണിത്. എഫ്ഏ കപ്പ് ഫൈനലിൽ ചെൽസിയുടെ തുടർച്ചയായ മൂന്നാം തോൽവി കൂടിയാണിത്.
ലണ്ടിനിലെ വിഖ്യാതമായ വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരിൽ നിശ്ചിതസമയത്തും അധികസമയത്തും ഗോൾവല ചലപ്പിക്കാൻ ഇരുടീമുകൾക്കുമായില്ല. ഇതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടിൽ ചെൽസിയുടെ രണ്ടാം കിക്കെടുത്ത ക്യാപ്റ്റൻ സെസാർ അസ്പിലിക്യുവേറ്റയ്ക്ക് പിഴച്ചു. കിക്ക് സൈഡ്പോസ്റ്റിലിടിച്ച് പുറത്തുപോയി. ലിവർപൂളിനായി സാദിയോ മാനെ എടുത്ത അഞ്ചാം കിക്ക് ചെൽസി ഗോളി എഡ്വാർഡ് മെൻഡി സേവ് ചെയ്തു. ഇതോടെ മത്സരം സഡൻ ഡത്തിലേക്ക് നീണ്ടു.
സഡൻഡെത്തിൽ ചെൽസിയുടെ സൂപ്പർതാരം മേസൺ മൗണ്ടെടുത്ത രണ്ടാം കിക്ക് ലിവർപൂൾ ഗോളി അലിസൻ ബെക്കർ തടുത്തു. പിന്നാലെ കോസ്റ്റാസ് സിമിക്കസ് കിക്ക് വലയിലെത്തിച്ച് ലിവർപൂളിനെ കിരീടജേതാക്കളാക്കി.