SHARE

“അറ്റാക്കിങ് ഈസ് ദ ബെസ്റ്റ് ഡിഫൻസ്” എന്നത് ഫുട്ബോളിൽ വളരെയേറെ ശ്ര​ദ്ധേയമായ പ്രയോ​ഗമാണ്. സാധാരണ വിങ് ബാക്കായി കളിക്കുന്ന താരങ്ങളെ വിശേഷിപ്പിച്ചാണ് ഇത് പറയുന്നത്. എന്നാൽ ഇം​ഗ്ലീഷ് ക്ലബ് ലിവർപൂളിലേക്കെത്തുമ്പോൾ അവിടെ പ്രതിരോധനിര തന്നെയാണ് ആക്രമണത്തിന് നേതൃത്വം നൽകുന്നത്

വിങ്ബാക്കുകളായ ആൻഡി റോബർട്ട്സൻ, ട്രെന്റ് അലക്സാണ്ടർ അർനോൾഡ്, സെന്റർ ബാക്ക് വിർജിൽ വാൻ ഡൈക്ക് എന്നിവരാണ് ലിവർപൂൾ പ്രതിരോധത്തിലെ സ്ഥിരം സാന്നിധ്യങ്ങൾ. വാൻ ഡൈക്കിന്റെ സെന്റർ ബാക്ക് ജോഡിയുടെ കാര്യത്തിൽ മാത്രമെ സ്ഥിരം മാറ്റമുണ്ടാകു. മുൻ വർഷങ്ങളിലേതിൽ നിന്ന് ലിവർപൂൾ പ്രതിരോധത്തിനുണ്ടായ മാറ്റങ്ങൾക്ക് കാരണം ഈ മൂന്ന് പേരുടെ വരവാണ്. ഇവർ വന്നതോടെ ലിവർപൂൾ ​ഗോൾ വഴങ്ങുന്നതിൽ വളരെയേറെ പിശുക്ക് കാണിക്കുന്നുണ്ട്

എന്നാൽ ​ഗോൾ വഴങ്ങാതിരിക്കുന്നതിൽ മാത്രമല്ല ​ഗോളടിക്കുന്നതിലും അടിപ്പിക്കുന്നതിലും ഈ മൂവർ സംഘം മുന്നിലാണ്. മൂവരും ചേർന്ന് ഈ സീസണിൽ ഇതുവരെ ആറ് ​ഗോളുകൾ നേടി. ​24 ​ഗോളുകൾക്ക് ഇവർ വഴിയുമൊരുക്കി എന്ന് പറയുമ്പോൾ തന്നെ വ്യക്തമാണ് ടീമിന്റെ മുന്നേറ്റത്തിൽ ഇവരുടെ പങ്ക്

നെതർലൻഡ് താരമായ വാൻ ഡൈക്ക് അഞ്ച് ​ഗോളുകളാണ് എല്ലാ ടൂർണമെന്റുകളിൽ നിന്നുമായി ഇക്കുറി നേടിയത്. റൈറ്റ് ബാക്കായ അർനോൾഡ് ഒരു ​ഗോളും നേടി. ലെഫ്റ്റ് ബാക്കായ സ്കോട്ടിഷ് നായകൻ റോബർട്ട്സന് ഇതുവരെ വലകുലുക്കാനായില്ല. എന്നാൽ ​ഗോളിന് വഴിയൊരുക്കുന്ന കാര്യത്തിൽ റോബർട്ട്സനാണ് മുന്നിൽ

ഇതുവരെ പതിനൊന്ന് ​ഗോളുകൾക്കാണ് റോബർട്ട്സൻ വഴിയൊരുക്കിയത്. അർനോൾഡാകട്ടെ ഒമ്പത് ​ഗോളുകൾക്ക് വഴിയൊരുക്കി. സെന്റർ ബാക്കായി കളിക്കുമ്പോഴും നാല് ​ഗോളുകൾക്ക് വഴിയൊരുക്കാൻ ഡച്ച് നായകൻ കൂടിയായ വാൻ ഡൈക്കിന് സാധിച്ചു