SHARE

36 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പ് യോഗ്യത നേടിയ പെറുവിന് കനത്ത തിരിച്ചടിയായി മാറിയിരുന്നു ക്യാപ്റ്റന്‍ പൗളേ ഗുറേറോയുടെ വിലക്ക്. കഴിഞ്ഞ ഒക്ടോബറില്‍ അര്‍ജന്റീനക്കെതിരെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷം ഗുറേറോ ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങിയിരുന്നു. തുടര്‍ന്നാണ് താരത്തിന് ഒരു വര്‍ഷത്തെ വിലക്ക് ഫിഫ നല്‍കിയത്. പിന്നീടത് ആറു മാസമാക്കി ചുരുക്കിയതിന്റെ സന്തോഷത്തിലായിരുന്നു പെറു ഈ മാസം വരെ.

എന്നാല്‍ താരത്തിന് എട്ടു മാസം കൂടി വിലക്ക് നൽകാൻ സ്‌പോര്‍ട്‌സ് ആര്‍ബിട്രേഷന്‍ കോടതി ഉത്തരവിടുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പെറുവിന് ആശ്വാസം പകരുന്നത് ലോകകപ്പ് ഗ്രൂപ്പ് സിയില്‍ അവര്‍ക്കൊപ്പമുള്ള ഓസ്‌ട്രേലിയ, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ് ടീമുകളുടെ നീക്കമാണ്. ഫ്രാന്‍സ് ക്യാപ്റ്റന്‍, ഹ്യുൂഗോ ലോറിസും ഓസീസ് കക്യാപ്റ്റന്‍ മൈല്‍ ജെഡിനാകും, ഡെന്‍മാര്‍ക്ക് നായകന്‍ സൈമണ്‍ ക്‌ജെയിരും ചേര്‍ന്ന് ഗുറേറോയുടെ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ഫിഫയെ സമീപിച്ചിരിക്കുകയാണ്. ഔദ്യോഗികമായി മൂന്നു ക്യാപ്റ്റന്‍മാരും ഒപ്പിട്ട കത്താണ് ഫിഫക്ക് കൈമാറിയത്.

ഫുട്‌ബോള്‍ ലോകത്തിന്റെ നിറഞ്ഞ കയ്യടിയാണ് ഇവരുടെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന് ലഭിക്കുന്നത്. 1982ന് ശേഷം ആദ്യമായി ലോകകപ്പ് കളിക്കുന്ന പെറുവിന് അവരുടെ നായകന്‍ ടീമിനൊപ്പമുണ്ടെങ്കില്‍ അത് വലിയ ആശ്വാസമാവും. 34കാരനായ ഗുറേറോ 86 തവണ പെറു ദേശീയ ടീം ജേഴ്‌സിയണിഞ്ഞ് 32 ഗോളുകള്‍ നേടിയിട്ടുണ്ട്. ജൂണ്‍ 16ന് ഡന്‍മാര്‍ക്കിനെതിരെയാണ് പെറുവിന്റെ ആദ്യ ലോകകപ്പ് മത്സരം.