SHARE

നിലവിൽ ലോകക്രിക്കറ്റിലെ ഏറ്റവും മാന്യനായ താരങ്ങളിൽ ഒരാളാണ് കെയിൻ വില്ല്യംസൺ. കളിക്കളത്തിനകത്തും പുറത്തും ഏറെ ശാന്തനായ വില്ല്യംസണിന്റെ ആരാധകരോടുള്ള പെരുമാറ്റവും ഏറെ പ്രശംസനീയമാണ്. ന്യൂസിലൻഡ് ടീമിന്റെ നായകൻ കൂടിയായ വില്ല്യംസണിന്റെ ഇരുപത്തിയൊൻപതാം ജന്മദിനമായിരുന്നു ഇന്ന്. താരം അതാഘോഷിച്ചത് ശ്രീലങ്കയിലെ തന്റെ ആരാധകരോടൊപ്പമാണ്, അതും ന്യൂസിലൻഡ്, തങ്ങളുടെ പരിശീലന മത്സരം കളിക്കുന്നതിനിടെ.

സംഭവം ഇങ്ങനെ, ന്യൂസിലൻഡും, ശ്രീലങ്ക ക്രിക്കറ്റ് പ്രസിഡന്റ്സും തമ്മിലുള്ള മൂന്ന് ദിന പരിശീലന മത്സരം ഇന്ന് കടുനായകെയിലെ എയർ ഫോഴ്സ് ഗ്രൗണ്ടിൽ ആരംഭിച്ചു. ഇന്ന് വില്ല്യംസണിന്റെ ജന്മദിനമാണെന്ന് അറിയാമായിരുന്ന ഒരു കൂട്ടം ശ്രീലങ്കൻ ക്രിക്കറ്റ് പ്രേമികൾ കൈയ്യിലൊരു കേക്കുമായാണ് കളി കാണാനെത്തിയത്‌. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്തത് ശ്രീലങ്കൻ ഇലവനായിരുന്നു. അത് കൊണ്ടു തന്നെ കെയിൻ വില്ല്യംസൺ ഫീൽഡിംഗിനായി ഗ്രൗണ്ടിലുണ്ടായിരുന്നു.

കളിയുടെ ഇടവേളയ്ക്കിടെ ആരാധകർ വില്ല്യംസണെ തന്റെ പിറന്നാൾ കേക്ക് മുറിക്കാൻ ക്ഷണിക്കുകയായിരുന്നു. ആരാധകരുടെ ക്ഷണം സ്വീകരിച്ച വില്ല്യംസൺ യാതൊരു താരജാഡയുമില്ലാതെ അവർക്കരികിലെത്തുകയും, കേക്ക് മുറിച്ച് ആഘോഷം പങ്ക് വെയ്ക്കുകയുമായിരുന്നു. വില്ല്യംസണിന്റെ ഈ പെരുമാറ്റം ലോകക്രിക്കറ്റിൽ വലിയ ചർച്ചയായിക്കഴിഞ്ഞു. സംഭവത്തിൽ ന്യൂസിലൻഡ് നായകനെ വാഴ്ത്തുകയാണ് ആരാധകർ ഇപ്പോൾ.