SHARE

ലോകകപ്പില്‍ ഇന്ത്യന്‍ അണ്ടര്‍ 17 ടീമിനെ പരിശീലിപ്പിച്ച പോര്‍ച്ചുഗീസ് പരിശീലകന്‍ ലൂയിസ് നോര്‍ട്ട്ണ്‍ ഡി മാറ്റോസ് ബെല്‍ജിയം ഫുട്‌ബോളിലേക്ക്. ബെല്‍ജിയം ഒന്നാം ഡിവിഷന്‍ ക്ലബ് റോയല്‍ ആന്റ്വെര്‍പ്പ് എഫ് സിയുടെ ബി ടീമിനെയാണ് നോര്‍ട്ടണ്‍ കളി പഠിപ്പിക്കുന്നത്. കഴിഞ്ഞ ദിവസമാണ് നോര്‍ട്ടണ്‍ ഇന്ത്യന്‍ അണ്ടര്‍ 17, ഇന്ത്യന്‍ ആരോസ് ടീമുകളുടെ പരിശീലക സ്ഥാനമൊഴിഞ്ഞത്.

ആന്റ്വെര്‍പ്പ് ബി ടീം പരിശീലകനായിരുന്ന കെന്‍ ബാസ്റ്റിന് ക്ലബ് മറ്റു ചുമതലകള്‍ നല്‍കിയതോടെയാണ് നോര്‍ട്ടണ്‍ ടീമിനൊപ്പമെത്തിയത്. ആതിഥേയരെന്ന നിലയില്‍ അണ്ടര്‍ 17 ലോകകപ്പ് കളിച്ചെങ്കിലും കാര്യമായൊന്നും ചെയ്യയാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ചില താരങ്ങള്‍ നോര്‍ട്ടണ് കീഴില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ച്ച വെച്ചു. ടീമിന്റെ ഗോള്‍ കീപ്പര്‍ ധീരജ് സിംഗിനെ സ്‌കോട്ടിഷ് ക്ലബ് മതര്‍വെല്‍ ട്രയല്‍സിന് ക്ഷണിച്ചതും ലോകകപ്പ് കളിച്ചതില്‍ ഇന്ത്യക്കുണ്ടായ നേട്ടമായി മാറിയിരുന്നു.

ലോകകപ്പിന് ശേഷം ഐ ലീഗില്‍ ഇന്ത്യന്‍ ആരോസിന്റെയും പരിശീലക സ്ഥാനത്ത് നോര്‍ട്ടണായിരുന്നു. എന്നാല്‍ പിന്നീട് വ്യക്തിപരമായ കാര്യങ്ങളാല്‍ അദ്ദേഹം ഇന്ത്യ വിടാന്‍ തീരുമാനിക്കുകയായിരുന്നു. നോര്‍ട്ടണ് പകരം യൂത്ത് ടീമുകളുടെ പരിശീലകനായി ഫ്‌ളോയിഡ് പിന്റോയെ ഇന്ത്യ നിയമിച്ചിരുന്നു.