SHARE

ഐപിഎല്ലില്‍ ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് കളത്തിലിറങ്ങിയ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ചെറിയ സ്‌കോറില്‍ എറിഞ്ഞൊതുക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിന് 20 ഓവറില്‍ 6 വിക്കറ്റിന്‌ 132 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മനീഷ് പാണ്ഡെ (54) മാത്രമാണ് ഹൈദരാബാദ് നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്.

അങ്കിത് രാജ്പുതിന്റെ തീപാറുന്ന പന്തുകള്‍ക്ക് മുന്നില്‍ തുടക്കത്തിലെ പതറുന്ന ഹൈദരാബാദിനെയാണ് കണ്ടത്. ആദ്യ ഓവറില്‍ തന്നെ സംപൂജ്യനായി ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ പുറത്ത്. തൊട്ടുപിന്നാലെ ശിഖര്‍ ധവാന്‍ (11), വൃദ്ധിമാന്‍ സാഹ (6) എന്നിവരെയും രാജ്പുത് കൂടാരംകയറ്റി. ഒരുഘട്ടത്തില്‍ മൂന്നിന് 27 റണ്‍സെന്ന നിലയിലായിരുന്നു ഹൈദരാബാദ്. ഷക്കീബ് അല്‍ഹസനെ (28) കൂട്ടുപിടിച്ച് മനീഷ് പാണ്ഡ്യെയാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. സ്‌കോര്‍ബോര്‍ഡില്‍ 79 റണ്‍സുള്ളപ്പോള്‍ ഷക്കീബ് മടങ്ങി. മികച്ച രീതിയില്‍ ബാറ്റു വീശിയെങ്കിലും മനീഷിന് സ്‌കോറിംഗിന് വേഗത കൊണ്ടുവരാന്‍ സാധിച്ചില്ല. അഞ്ചുവിക്കറ്റെടുത്ത രാജ്പുതാണ് പഞ്ചാബിന്റെ താരം.

-Advertisement-

പഞ്ചാബ് നിരയില്‍ യുവരാജ് സിംഗ് കളിക്കുന്നില്ലെന്നതാണ് പ്രധാന വാര്‍ത്ത. അതേസമയം ക്രിസ് ഗെയ്ല്‍ ടീമിലേക്ക് മടങ്ങിയെത്തി. മനോജ് തിവാരിയാണ് യുവിയുടെ പകരക്കാരന്‍. ഹൈദരാബാദ് നിരയില്‍ ഭുവനേശ്വര്‍ കുമാറും കളിക്കുന്നില്ല. കഴിഞ്ഞ മത്സരത്തിലും ഭുവനേശ്വര്‍ കുമാര്‍ കളിച്ചിരുന്നില്ല. മലയാളി താരം ബേസില്‍ തമ്പി ടീമിലുണ്ട്. പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തുള്ള ചെന്നൈയുമായി റണ്‍റേറ്റില്‍ മാത്രമാണ് പഞ്ചാബ് പിന്നില്‍. ഇരുടീമിനും ആറു കളിയില്‍ നിന്ന് 10 പോയിന്റുണ്ട്. ഹൈദരാബാദ് എട്ടു പോയിന്റുമായി മൂന്നാമതും.