SHARE

ഇന്ത്യൻ പ്രീമിയർ കളിക്കുന്ന അവസാന ദിവസം വരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോടുള്ള പ്രതിബദ്ധത തുടരുമെന്ന് വിരാട് കോഹ്ലി. ക്യാപ്റ്റനെന്ന നിലയിൽ തന്റെ അവസാന ഐപിഎൽ മത്സരം കളിച്ചതിന് ശേഷം സംസാരിക്കവെയായിരുന്നു കോഹ്ലി ഇങ്ങനെ പറഞ്ഞത്. ലോയൽറ്റി എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് താൻ വിശ്വസിക്കുന്നതായി സംസാരത്തിനിടെ ചൂണ്ടിക്കാട്ടിയ കോഹ്ലി, ഐപിഎല്ലിലെ‌ തന്റെ അവസാന ദിവസം വരെ ബാംഗ്ലൂരിന് വേണ്ടിയാകും കളിക്കുകയെന്ന് തറപ്പിച്ചു പറയുകയായിരുന്നു.

നിലവിൽ നടന്നു കൊണ്ടിരിക്കുന്ന പതിനാലാം സീസൺ ഐപിഎല്ലിന് ശേഷം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നായക സ്ഥാനത്ത് നിന്ന് പടിയിറങ്ങുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന കോഹ്ലി, ക്യാപ്റ്റനായുള്ള ‌തന്റെ അവസാന ഐപിഎൽ സീസണിൽ ബാംഗ്ലൂരിനെ കിരീട ജയത്തിലേക്ക് നയിക്കുമെന്ന ആരാധകരുടെ പ്രതീക്ഷകൾ ശക്തമായിരുന്നു. എന്നാൽ ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നടന്ന എലിമിനേറ്റർ പോരാട്ടത്തിൽ ബാംഗ്ലൂർ പരാജയപ്പെട്ടതോടെ ആരാധകരുടെ ഈ പ്രതീക്ഷ അവസാനിച്ചു. ഈ മത്സരത്തിന് ശേഷം സംസാരിക്കവെ അല്പം വികാരധീനനായി കാണപ്പെട്ട കോഹ്ലി, ടീമിനെ നയിച്ച എല്ലാ സീസണുകളിലും കഴിവിന്റെ 120 ശതമാനം താൻ നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കി.

ചെറുപ്പക്കാർക്ക് കടന്നു വന്ന് മികച്ച ക്രിക്കറ്റ് കളിക്കാൻ കഴിയുന്ന ഒരു സംസ്കാരം ബാംഗ്ലൂർ ടീമിൽ സൃഷ്ടിക്കാൻ താൻ പരമാവധി ശ്രമിച്ചിട്ടുണ്ടെന്ന് കോഹ്ലി പറയുന്നു. ഇന്ത്യൻ ടീമിലും ഇതു‌ തന്നെയാണ് ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ടീമിനായി താൻ പരമാവധി നൽകിയെന്നും വ്യക്തമാക്കി.

“മറ്റെവിടെയെങ്കിലും കളിക്കുന്നത് ഞാൻ കാണുന്നില്ല. എന്നെ സബന്ധിച്ചിടത്തോളം ലോയൽറ്റിയാണ് മറ്റെന്തിനേക്കാളും പ്രധാനം. ഫ്രാഞ്ചൈസി എന്നിൽ വിശ്വസിച്ചു‌.‌ ഞാൻ പറഞ്ഞതു പോലെ ഐപിഎല്ലിൽ കളിക്കുന്ന അവസാന ദിവസം വരെ ഈ ഫ്രാഞ്ചൈസിയോട് എനിക്ക് പ്രതിബദ്ധതയുണ്ടാകും.” കോഹ്ലി പറഞ്ഞു നിർത്തി.