SHARE

ബ്രസീലിയന്‍ വിങ്ങര്‍ ലൂക്കാസ് മൗറ ജനുവരിയില്‍ പി.എസ്.ജി വിടും. നേരത്തെ ഇത്തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും സ്ഥിരീകരണമുണ്ടായില്ല. എവിടേക്കാണ് മൗറ ചേക്കേറുന്നതെന്ന കാര്യം വ്യക്തമല്ല, എന്നാല്‍ ഇംഗ്ലഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ മൗറക്കായി നീക്കം നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

2013 മുതല്‍ പി.എസ്.ജിക്കൊപ്പമുള്ള താരമാണ് മൗറ. എന്നാല്‍ ഈ സീസണില്‍ ബ്രസീലിയന്‍ താരം നെയ്മറും, ഫ്രഞ്ച് കൗമാരതാരം കെയ്‌ലിന്‍ എംബാപ്പയുമടക്കമുള്ളവര്‍ ടീമിലെത്തിയതോടെ, മൗറയുടെ ടീമിലെ സ്ഥാനം അനിശ്ചിതത്വത്തിലായി. സീസണില്‍ ഇതുവരെ അഞ്ച കളികളില്‍ മാത്രമാണ് അവസരം ലഭിച്ചത്. അതില്‍ നിന്ന് ഒരു ഗോള്‍ നേടിയ മൗറ ഒന്നിന് വഴിയൊരുക്കുകയും ചെയ്തു.

-Advertisement-

ഒരു ബ്രസീലിയന്‍ ചാനലിനോട് സംസാരിക്കുമ്പോഴാണ് പി.എസ്.ജി വിടുന്ന കാര്യം മൗറ തന്നെ സ്ഥിരീകരിച്ചത്. പാരിസ് വിടുമെന്ന് പറയുന്നതിനൊപ്പം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലാണ് താല്‍പര്യമെന്നും മൗറ വ്യക്തമാക്കി. 25-കാരനായ മൗറയ്ക്ക് വേണ്ടി, 25 ദശലക്ഷം യൂറോയുടെ വാഗ്ദാനമാണ് യുണൈറ്റഡ് മുന്നോട്ടവെച്ചിരിക്കുന്നത്.

ബ്രസീലിയന്‍ ക്ലബ് സാവോ പോളോയില്‍ നിന്നാണ് മൗറ പ്രാന്‍സിലെത്തുന്നത്. അതും അന്നത്തെ ടീമിന്റെ ഏറ്റവുമുയര്‍ന്ന ട്രാന്‍സ്ഫര്‍ തുകയായ 38 ദശലക്ഷം യൂറോയ്ക്ക്. അന്നും മാഞ്ചസ്റ്റര്‍ യുണൈറ്റഡും, ഇന്റര്‍ മിലാനും മൗറയ്ക്കായി താല്‍പര്യം പ്രകടിപ്പിച്ചത്. 2011-ല്‍ ബ്രസീല്‍ ദേശീയ ടീമിനായി അരങ്ങേറിയ മൗറയുടെ ആദ്യ അന്താരാഷ്ട്ര ഗോള്‍ അര്‍ജന്റീനയ്‌ക്കെതിരെയായിരുന്നു.