SHARE

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ പതിനഞ്ചാം പതിപ്പിൽ കളിക്കാനൊരുങ്ങുന്ന ലഖ്നൗ ടീമിന്റെ പേര് തീരുമാനിച്ചു. ലഖ്നൗ സൂപ്പർജയന്റ്സ് എന്ന പേരിലാകും പുതിയ ഫ്രാഞ്ചൈസി കളിക്കളത്തിലിറങ്ങുക. ലഖ്നൗ ഫ്രഞ്ചൈസി ഇക്കാര്യം വ്യക്തമാക്കി.

ആർപിഎസ്ജി ​ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ് ലഖ്നൗ ടീം ഐപിഎല്ലിന് ഇറങ്ങുന്നത്. ഇന്ത്യയുടെ പരിമിത് ഓവർ ടീം വൈസ് ക്യാപ്റ്റൻ കെഎൽ രാഹുൽ, യുവ താരം രവി ബിഷ്നോയ്, ഓസ്ട്രേലിയൻ ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനിസ് എന്നിവരെയാണ് മെ​ഗാലേലത്തിന് മുമ്പായി ലഖ്നൗ ടീം ഒപ്പം കൂട്ടിയത്. മുൻ സിംബാവെ ക്യാപ്റ്റൻ ആൻഡി ഫ്ലവറാണ് ടീമിന്റെ പരിശീലകൻ. മുൻ ഇന്ത്യൻ സൂപ്പർതാരം ​ഗൗതം ​ഗംഭീർ ടീം മെന്ററാകും.

ലഖ്നൗവിന് പുറമെ അഹമ്മദാബാ​ദാണ് ഐപിഎല്ലിൽ ഇക്കുറിയെത്തുന്ന പുതിയ ടീം. ഇന്ത്യയുടെ ഹാർദിക് പാണ്ഡ്യ, ശുഭ്മൻ ​ഗിൽ,അഫ്​ഗാൻ സൂപ്പർതാരം റാഷിദ് ഖാൻ എന്നിവരാണ് അഹമ്മദാബാ​ദിനൊപ്പം ചേർന്നത്. മുൻ ഇന്ത്യൻ താരം ആശിഷ് നെഹ്റ അഹമ്മദാബാദ് ടീം പരിശീലകനാകുമെന്നാണ് സൂചനകൾ.