SHARE
ഇന്ത്യൻ അണ്ടർ - 19 ടീം (ഫയൽ ചിത്രം)

ഇന്ത്യൻ സീനിയർ താരങ്ങൾക്കൊപ്പം യാത്ര ചെയ്യാനുള്ള അപൂർവ്വ ഭാഗ്യം ലഭിച്ചിരിക്കുകയാണ് ഇന്ത്യയുടെ അണ്ടർ 19 ടീമിന്. അടുത്ത വർഷം നടക്കുന്ന അണ്ടർ 19 ലോകകപ്പിനായുള്ള ഇന്ത്യൻ ടീമും ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള സീനിയർ ഇന്ത്യൻ ടീമും ഒരേ ഫ്ലൈറ്റിലാണ് ഇത്തവണ യാത്ര തിരിക്കുക. ഡിസംബർ 28 ന് പുലർച്ചെ നാല് മണിക്കുള്ള എമിറേറ്റ്സ് എയർലൈനിലാണ് ഇരു സംഘങ്ങളും ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. ദുബായ് വരെ ഒരുമിച്ച് യാത്ര ചെയ്യുന്ന ഇരു സംഘങ്ങളും അവിടുന്ന് വ്യത്യസ്ത ഫ്ലൈറ്റുകളിൽ അതാത് ലക്ഷ്യ സ്ഥാനങ്ങളിലേക്ക് തിരിക്കും.

ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയുടെ സീനിയർ താരങ്ങളും ജൂനിയർ താരങ്ങളും ഒരേ ഫ്ലൈറ്റിൽ യാത്ര ചെയ്യാൻ ഒരുങ്ങുന്നത്. ലോകകപ്പിന് മുൻപ് തങ്ങളുടെ സീനിയർ താരങ്ങളിൽ നിന്ന് ചില പൊടിക്കൈകളും അതോടൊപ്പം ഉപദേശങ്ങളും നേടാൻ  ഈ യാത്ര ജൂനിയർ താരങ്ങൾക്ക് ഉപകാരപ്പെടും. മുംബൈ താരമായ പൃഥ്വി ഷായാണ് അണ്ടർ 19 ഇന്ത്യൻ ടീമിനെ നയിക്കുന്നത്.

ജനുവരി 13 നാണ് ന്യൂസിലൻഡിൽ അണ്ടർ 19 ലോകകപ്പ് ആരംഭിക്കുന്നതെങ്കിലും സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ രണ്ടാഴ്ച മുന്നേ ഇന്ത്യൻ സംഘത്തെ അയയ്ക്കാൻ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. ലോകകപ്പ് സന്നാഹ മത്സരങ്ങൾക്ക് മുന്നോടിയായി ന്യൂസിലൻഡിലെ ചില ക്ലബ്ബ് ടീമുകളുമായും ഇന്ത്യ അവിടെ കളിക്കും.