SHARE

സ്പെയിൻ ദേശീയ ടീം പരിശീലകനായി ചുമതലയേറ്റ ലൂയിസ് എന്റിക്വെ തന്റെ ആ​ദ്യ ടീമിനെ പ്രഖ്യാപിച്ചു. അടുത്ത മാസം നടക്കുന്ന രണ്ട് മത്സരങ്ങൾക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. മുൻ ബാഴ്സലോണ പരിശീലകനായിരുന്ന എന്റിക്വെയുടെ ദേശീയ ടീമിൽ എന്നാൽ രണ്ട് ബാഴ്സലോണ താരങ്ങൾ മാത്രമെ ഇടം പിടിച്ചിട്ടുള്ളു.

അടുത്തമാസം എട്ടിന് ഇം​ഗ്ലണ്ടിനെതിരെ നടക്കുന്ന യുവേഫ നേഷൻസ് ലീ​ഗ് മത്സരത്തിനും തുടർന്ന് നാല് ദിവസങ്ങൾക്ക് ശേഷം ക്രൊയേഷ്യക്കെതിരെ നടക്കുന്ന മത്സരത്തിനുമുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. ആന്ദ്രെ ഇനിയേസ്റ്റ, ജെറാർഡ് പിക്വെ, ഡേവിഡ് സിൽവ തുടങ്ങിയവർ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച ശേഷം പ്രഖ്യാപിക്കുന്ന ആദ്യ ടീമാണ്.

ക്യാപറ്റൻ സെർജിയോ റാമോസ് അടക്കം റയൽ മഡ്രിഡിൽ നിന്ന് ആറ് താരങ്ങൾ 24 അം​ഗ ടീമിലുൾപ്പെട്ടു. എന്നാൽ ബാഴ്സലോണയിൽ നിന്ന് സെർജിയോ ബുസ്ക്വറ്റ്സ്, സെർജി റൊബെർട്ടോ എന്നിവർ മാത്രമാണ് ടീമിലിടം നേടിയത്. ജോർഡി ആൽബയെ ഒഴിവാക്കി.

ചെൽസി താരങ്ങളായ അൽവാരോ മൊറാത്ത, സെസാർ അസ്പ്ലിക്യൂട്ട, മാർക്കസ് അലോൺസോ എന്നിവരെ എന്റിക്വെ ടീമിലുൾപ്പെടുത്തി. റോഡ്രി,ഡിയോ​ഗോ ലോറന്റെ എന്നീ പുതുമുഖങ്ങളും ടീമിലിടം പിടിച്ചു. റഷ്യയിൽ നടന്ന ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ സ്പെയിൻ പുറത്തായതോടെയാണ് പുതിയ പരിശീലകനായി എന്റിക്വെ എത്തിയത്.

മുൻ പരിശീലകനായിരുന്നു ജലൻ ലോപ്പെറ്റ്യൂ​ഗി ലോകകപ്പിന് മുന്നോടിയായി സ്പാനിഷ് ഫുട്ബോൾ അധകൃതർ അറിയാതെ റയൽ മഡ്രിഡുമായി കരാറിലൊപ്പിട്ടു. തുടർന്ന് ലൊപ്പെറ്റ്യു​ഗിയെ പുറത്താക്കി. ഇതോടെ മുൻ താരം ഫെർണാണ്ടോ ഹെയ്റോ ആയിരുന്നു ടീമിനെ റഷ്യയിൽ അണിനിരത്തിയത്.