SHARE

അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന യൂറോ കപ്പിനുള്ള സ്പെയിൻ ടീമിനെ ഇന്നലെയായിരുന്നു പരിശീലകൻ ലൂയിസ് എൻറിക്വെ പ്രഖ്യാപിച്ചത്. സൂപ്പർ താരം സെർജിയോ റാമോസിന് 24 അംഗ‌ ടീമിൽ ഇടം ലഭിക്കാതിരുന്നതായിരുന്നു ഏറ്റവും വലിയ വാർത്ത. ലോകത്തെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിലൊരാളായ റാമോസിനെ യൂറോ ടീമിൽ നിന്ന്‌ സ്പെയിൻ തഴഞ്ഞത് ഫുട്ബോൾ ലോകത്ത് വലിയ ചർച്ചയുമായി.

എന്നാൽ ആവർത്തിച്ചുള്ള പരിക്കുകളും, ഫിറ്റ്നസിലെ പ്രശ്നങ്ങളുമാണ് റാമോസിന്റെ ടീമിൽ നിന്നുള്ള പുറത്താകലിന് കാരണമെന്ന് ഇന്നലെ‌ ടീം പ്രഖ്യാപനത്തിന് ശേഷം എൻറിക്വെ സൂചന നൽകി. റാമോസിനെ ടീമിൽ നിന്ന് ഒഴിവാക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് ചൂണ്ടിക്കാട്ടിയ എൻറിക്വെ, ഇന്നലെ താൻ അദ്ദേഹത്തെ വിളിച്ചിരുന്നുവെന്നും അത് വളരെ ബുദ്ധിമുട്ടേറിയതും, കഠിനവുമായ കാര്യമായിരുന്നുവെന്നും കൂട്ടിച്ചേർത്തു.

“എനിക്ക്‌ വിഷമം തോന്നുന്നു. റാമോസ് വളരെ പ്രൊഫഷണലാണ്. അവൻ ദേശീയ ടീമിനെ വളരെയധികം സഹായിച്ചിട്ടുണ്ട്. ഭാവിയിലും അദ്ദേഹത്തിന് ടീമിനെ ഏറെ സഹായിക്കാൻ കഴിയും.” എൻ‌റിക്വെ പറഞ്ഞു.‌ അതേ സമയം സ്പാനിഷ് ദേശീയ ടീമിന്റെ എക്കാലത്തെയും മികച്ച താര‌ങ്ങളിലൊരാളായ റാമോസിന്റെ ടീമിൽ നിന്നുള്ള പുറത്താകൽ‌ ഭൂരിപക്ഷം ആരാധകർക്കും ഇതു വരെ ദഹിച്ചിട്ടില്ല എന്നതാണ് സത്യം. ടീമിന്റെ ക്യാപ്റ്റൻ കൂടിയായിരുന്ന റാമോസ് 180 മത്സരങ്ങളിൽ സ്പെയിൻ ജേഴ്സിയണിഞ്ഞിട്ടുണ്ട്.