SHARE

ബാഴ്സലോണയുടെ പുതിയ പരിശീലകൻ റൊണാൾഡ് കൂമാന്റെ ടീം പദ്ധതികളിൽ നിന്ന് പുറത്തായ ഉറുഗ്വെൻ മുന്നേറ്റ താരം ലൂയി സുവാരസ് ഇത്തവണ ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിലേക്ക് പോകുമെന്ന് കരുതപ്പെട്ടിരുന്നുവെങ്കിലും ഈ നീക്കം ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ സാധ്യമാകില്ലെന്ന് റിപ്പോർട്ട്‌. ഇറ്റാലിയൻ പാസ്പോർട്ട് ലഭിക്കാൻ നേരിടുന്ന കാലതാമസമാണ് ഇതിന് പിന്നിലെ കാരണമെന്നാണ് പുറത്ത് വരുന്ന സൂചനകൾ.

ഇറ്റലിയിൽ കളിക്കുന്നതിന് അവിടുത്തെ പാസ്പോർട്ട് വേണമെന്നത് നിർബന്ധമാണ്. സുവാരസിന് നിലവിൽ ഇറ്റാലിയൻ പാസ്പോർട്ടില്ല. താരത്തിന് ഇറ്റാലിയൻ പൗരത്വം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾക്ക് കാല താമസമെടുക്കുമെന്നാണ് സൂചനകൾ. അടുത്ത മാസം ആറാംതീയതിക്ക് മുൻപ് ഇറ്റാലിയൻ പാസ്പോർട്ട് ലഭിച്ചില്ലെങ്കിൽ വരും സീസണിലേക്കുള്ള ചാമ്പ്യൻസ് ലീഗിനുള്ള യുവന്റസ് ടീമിൽ സുവാരസിന്റെ പേര് രെജിസ്റ്റർ ചെയ്യാൻ കഴിയുകയില്ല. ഇപ്പോളത്തെ സാഹചര്യത്തിൽ സുവാരസ് കടമ്പകൾ മറികടന്ന് ഇറ്റാലിയൻ പാസ്പോർട്ട് സ്വന്തമാക്കിയാലും അതിന് ഒരു മാസത്തിനടുത്ത് കാലതാമസമുണ്ടാകുമെന്നാണ് റിപ്പോർട്ട്.

-Advertisement-

പാസ്പോർട്ട് ലഭിക്കുന്നതിലെ കാലതാമസം മൂലം അത് കൊണ്ടു തന്നെ ഇറ്റാലിയൻ സൂപ്പർ ക്ലബ്ബിൽ കളിക്കാനുള്ള ആഗ്രഹം സുവാരസിന് ത്യജിക്കേണ്ടി വരുമെന്നാണ് സൂചനകൾ. അതേ സമയം യുവന്റസിലേക്കുള്ള പോക്ക് തടസപ്പെട്ടാലും, സുവാരസ് ബാഴ്സലോണയിൽ നിൽക്കാൻ ആഗ്രഹിക്കുന്നില്ല എന്നാണ് റിപ്പോർട്ടുകൾ‌. മറ്റ് ചില ക്ലബ്ബുകളിൽ നിന്നും വാഗ്ദാനങ്ങൾ ലഭിച്ചിട്ടുള്ള താരം അത് പരിഗണിച്ചേക്കുമെന്നാണ് കരുതപ്പെടുന്നത്.