SHARE

അടുത്ത‌ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽത്തന്നെ തുടരുമോയെന്ന കാര്യത്തിൽ ഉറപ്പില്ലെന്ന് ബെൽജിയൻ സൂപ്പർ താരം റൊമേലു ലുക്കാക്കു. കഴിഞ്ഞ കുറച്ച് നാളുകളായി പ്രകടനത്തിൽ സ്ഥിരത പുലർത്താൻ കഴിയാത്ത ലുക്കാക്കു, വരും സീസണിൽ ഇറ്റാലിയൻ ലീഗിലേക്ക് പോയേക്കും എന്ന് അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ടീമിൽ തുടരുമോ എന്ന് ഇപ്പോൾ ഉറപ്പ് പറയാനാകില്ലെന്ന് ലുക്കാക്കു‌ വ്യക്തമാക്കിയത്. നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡുമായി രണ്ട് വർഷ കരാർ ഈ ബെൽജിയൻ താരത്തിന് ബാക്കിയുണ്ട്.

മാധ്യമങ്ങളോട് സംസാരിക്കവെ കഴിഞ്ഞ കുറച്ച് നാളുകളായി മോശം പ്രകടനത്തിന്റെ പേരിൽ വിമർശനം നേരിടുന്ന ഗോൾകീപ്പർ ഡിഗിയയെ ലുക്കാക്കു പിന്തുണയ്ക്കുകയും ചെയ്തു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ” താൻ വരും സീസണിൽ യുണൈറ്റഡിലുണ്ടാകുമോ എന്ന കാര്യം അറിയില്ല, അഭ്യൂഹങ്ങൾക്ക് മറുപടി നൽകാൻ ഇപ്പോൾ ആഗ്രഹിക്കുന്നില്ല. ചില മത്സരങ്ങളുടെ മാത്രം പേരിൽ ഡിഗിയയെ കുറ്റപ്പെടുത്തുന്നത് ‌ശരിയല്ല. കഴിഞ്ഞ 8 സീസണുകളിലായി ടീമിന് വേണ്ടി സ്ഥിരതയുള്ള പ്രകടനം കാഴ്ച വെക്കുന്ന താരമാണ് ഡേവിഡ്, ഈ സീസണിൽത്തന്നെ പല തവണ ഡേവിഡ് ഞങ്ങളെ രക്ഷപെടുത്തിയിട്ടുണ്ട്.” ലുക്കാക്കു പറഞ്ഞുനിർത്തി.