SHARE

ഏറെ നാൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് റൊമേലു ലുക്കാക്കു ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാനിലെത്തുന്നത്. എന്നാൽ അത്ര മികച്ച സ്വീകരണമല്ല ലുക്കാക്കുവിന് ലഭിച്ചത്. രണ്ടാം മത്സരത്തിൽ തന്നെ ലുക്കാക്കുവിന് നേരെ കാ​ഗ്ലിയാരി ആരാധകർ വംശീയാധിക്ഷേപം നടത്തി. ഇത് വലിയ ചർച്ചയായെങ്കിലും സ്വന്തം ടീമാരാധകരുടെ പിന്തുണ പേലും വിഷയത്തിൽ ലുക്കാക്കുവിന് ലഭിച്ചില്ല.

പിന്നാലെയിപ്പോൾ ടീമിനുള്ളിലും ലുക്കാക്കു പ്രശ്നങ്ങൾ നേരിടുന്നതായി സൂചനകൾ. കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ലീ​ഗ് മത്സരശേഷം ലുക്കാക്കു ടീമിലെ സഹതാരം മാഴ്സലോ ബ്രോസോവിച്ചുമായി കൊമ്പുകോർത്തതായാണ് വാർത്തകൾ. സ്വന്തം മൈതാനമായ സാൻസിറോയിൽ ഇന്ററിന് ചെക്ക് ടീമായ സ്ലാവിയ പ്രാ​ഗിനോട് സമനില വഴങ്ങേണ്ടിവന്നു. ഈ മത്സരത്തിന് ശേഷം ഡ്രെസിങ് റൂമിലായിരുന്നു ഇരുവരും തമ്മിലിടഞ്ഞതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മത്സരശേഷം ടീമം​ഗങ്ങൾ പരിശീലകൻ അന്റോണിയോ കോണ്ടെയുടെ നിർദേശങ്ങൾ പാലിക്കുന്നില്ലെന്ന് ലുക്കാക്കു പറഞ്ഞതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതിനിടയിൽ ചില വിമർശനങ്ങൾ തനിക്ക് നേരെയാണെന്ന് തോന്നിയ ബ്രോസോവിച്ച് ഇടപെട്ടു. ഇതാണ് ഇരുവരും തമ്മിലുള്ള കടുത്ത തർക്കത്തിലേക്ക് എത്തിയത്.

അലക്സിസ് സാഞ്ചസ് അടക്കമുള്ള താരങ്ങൾ ഇടപെട്ടാണ് ഇരുവരേയും പിടിച്ചുമാറ്റിയത്. ഈയാഴ്ച എ.സി.മിലാനുമായാണ് ഇന്ററിന്റെ അടുത്ത മത്സരം. അഭിമാനപ്പോരാട്ടമായ മിലാൻ ഡെർബിയിൽ ടീമിനുള്ളിലെ പ്രശ്നങ്ങൾ ബാധിക്കുമോയെന്ന ആശങ്കയിലാണ് ആരാധകർ