SHARE

കഴിഞ്ഞ ദിവസം വംശീയ ആക്ഷേപത്തിനിരയായ താരമാണ് ഇന്റര്‍ മിലാന്റെ റൊമേലു ലുക്കാക്കു. കഴിഞ്ഞ ദിവസം നടന്ന കളിക്കിടെ ലൂക്കാക്കു പെനാല്‍റ്റി എടുക്കാന്‍ തയ്യാറാകുമ്പോഴായിരുന്നു ഗാലറിയില്‍ നിന്നും വംശീയ അധിക്ഷേപം കലര്‍ന്ന ശബ്ദങ്ങള്‍ ഉയര്‍ന്നു കേട്ടത്. ഇതിനെതിരേയാണ് ഇപ്പോള്‍ താരം രംഗത്തു വന്നിരിക്കുന്നത്.

ലോകത്തിലെ മികച്ച താരങ്ങളെ സ്വന്തം മണ്ണില്‍ എത്തിക്കാന്‍ ഇറ്റലിക്ക് ആഗ്രഹമുണ്ടെങ്കില്‍ വംശീയതയെ പടിക്കു പുറത്താക്കണമെന്നും ഫുട്‌ബോളില്‍ വര്‍ദ്ധിച്ചു വരുന്ന വംശീയതയ്‌ക്കെതിരെ ശക്തമായി പൊരുതണമെന്നും ലുക്കാക്കു പറഞ്ഞു. ഫുട്‌ബോള്‍ ഒരു അന്താരാഷ്ട്ര മത്സരമാണ് അപ്പോള്‍ അതില്‍ വിത്യസ്തരായ മനുഷ്യരും വ്യത്യസ്തങ്ങളായ സംസ്‌കാരങ്ങളും ഉണ്ടാകും ലുക്കാക്കു പറഞ്ഞു.

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും ഈ സീസണിലാണ് താരം ഇന്റര്‍ മിലാനില്‍ എത്തുന്നത്. അതിനു ശേഷം കളിച്ച രണ്ടാമത്തെ മത്സരത്തിലാണ് താരത്തിന് കാണികളുടെ ഭാഗത്തു നിന്നും കയ്‌പേറിയ അനുഭവം ഉണ്ടായത്. ഫുട്‌ബോള്‍ ലോകത്തു നിന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വന്നിരുന്നു.