SHARE

ഐഎസ്എല്ലിലെ മലയാളികളുടെ സ്വന്തം ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സിനെ ലുലു ഗ്രൂപ്പ് ഏറ്റെടുക്കുന്നതായി റിപ്പോര്‍ട്ട്. ഗോള്‍ഡോട്ട്‌കോമാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. നിലവില്‍ ഹൈദരാബാദ് ആസ്ഥാനമായ പ്രസാദ് ഗ്രൂപ്പിന്റെ കൈവശമാണ് 80 ശതമാനം ഓഹരികളും. 20 ശതമാനം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കും. ഇതില്‍ പ്രസാദ് ഗ്രൂപ്പിന്റെ ഓഹരികളാകും ലുലു ഗ്രൂപ്പ് വാങ്ങുന്നതെന്നാണ് സൂചന. എന്നാല്‍ വില്പനയെക്കുറിച്ച് ലുലുഗ്രൂപ്പോ ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

2016ല്‍ പിവിആര്‍ ഗ്രൂപ്പില്‍ നിന്ന് തെലുങ്കു താരങ്ങളായ ചിരഞ്ജീവി, അല്ലു അരവിന്ദ്, അക്കിനി നാഗാര്‍ജുന എന്നിവര്‍ ഓഹരി സ്വന്തമാക്കിയിരുന്നു. ക്ലബ് നടത്തിപ്പില്‍ സച്ചിന് താല്പര്യം നഷ്ടപ്പെട്ടതായി ഇടക്കാലത്ത് വാര്‍ത്തയുണ്ടായിരുന്നു. സച്ചിന്റെ ഓഹരികള്‍ ലുലുഗ്രൂപ്പ് വാങ്ങുമോയെന്ന കാര്യം വ്യക്തമല്ല. ഈയാഴ്ച ഈ വിഷയത്തില്‍ പരസ്യമായ പ്രതികരണം മാനേജ്‌മെന്റ് നടത്തിയേക്കും.

ഐഎസ്എല്ലില്‍ ഏറ്റവുമധികം ആരാധകരുള്ള ക്ലബാണ് ബ്ലാസ്റ്റേഴ്‌സ്. എങ്കിലും ഇതുവരെ ലാഭത്തിലേക്ക് എത്താന്‍ ക്ലബിന് സാധിച്ചിരുന്നില്ല. രണ്ടുവര്‍ഷത്തിനുള്ളില്‍ ലാഭത്തില്‍ എത്തിയേക്കുമെന്ന പ്രതീക്ഷയിലാണ് മാനേജ്‌മെന്റ്. അഞ്ചാം സീസണ്‍ ഐഎസ്എല്ലിന് ഈ മാസം 29നാണ് കിക്കോഫ്.