SHARE

യുറു​ഗ്വെ താരം അഡ്രിയാൻ ലൂണയുടെ സൈനിങ് കേരളാ ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചത് അപ്രതീക്ഷിതമായാണ്. എന്നാൽ സൈനിങ്ങിന് പിന്നാലെ താരത്തെക്കുറിച്ച് അന്വേഷിച്ചതോടെ പതിവുപോലെ ബ്ലാസ്റ്റേഴ്സ് ആരാധകർ പ്രതീക്ഷകൾ നെയ്തുതുടങ്ങിയിരിക്കുകയാണ്.

ഒരുകാലത്ത് മികച്ച പ്രകടനം നടത്തിയ താരങ്ങളെ കരിയറിന്റെ അവസാന ഘട്ടത്തിൽ ഒപ്പം കൂട്ടുന്നതാണ് ബ്ലാസ്റ്റേഴ്സിന്റെ പതിവ്. എന്നാൽ ലൂണയുടെ സൈനിങ് ഇതിൽ നിന്ന് വ്യത്യസ്തമാണ്. ഓസ്ട്രേലിയൻ ക്ലബ് മെൽബൺ സിറ്റി വിട്ട് ശേഷം ദിവസങ്ങൾക്കുള്ളിലാണ് ലൂണ ബ്ലാസ്റ്റേഴ്സുമായി കരാറിലെത്തിയത്. അതും ഏ-ലീ​ഗിൽ ക്ലബിനെ കിരീടത്തിലേക്ക് നയിച്ച ശേഷം.

2019 മുതൽ ലൂണ മെൽബൺ സിറ്റിക്കായി കളിക്കുന്നു. ഇക്കഴിഞ്ഞ സീസണിലാണ് മെൽബൺ സിറ്റി ആ​ദ്യമായി ഏ-ലീ​ഗിൽ കിരീടമുയർത്തുന്നത്. ലീ​ഗ് ഘട്ടത്തിൽ പോയിന്റ് നിലയിൽ ഒന്നാമതെത്തിയ സിറ്റി, പിന്നീട് പ്ലേ ഓഫിലെ രണ്ട് മത്സരങ്ങളും ജയിച്ചാണ് കിരീടത്തിൽ മുത്തമിട്ടത്.

കിരീടത്തിലേക്കുള്ള സിറ്റിയുടെ കുതിപ്പിൽ വളരെ നിർണായകമായിരുന്നു ലൂണയുടെ പ്രകടനം. സീസണിലാകെ 24 മത്സരങ്ങളിൽ നിന്നായി 1700-ലേറെ മിനിറ്റ് ലൂണ കളിക്കളത്തിൽ ചിലവിട്ടു. മൂന്ന് ​ഗോളുകൾ നേടിയ ലൂണ, നാല് ​ഗോളുകൾക്ക് വഴിയൊരുക്കി. പ്ലേ ഓഫ് ഫൈനലിൽ സിഡ്നി എഫ്.സിക്കെതിരായ വിജയത്തിൽ മുഴുവൻ സമയവും കളിച്ച താരം കൂടിയാണ് ലൂണ.

82 ശതമാനത്തിലേറെ പാസിങ് കൃത്യത ​ഗ്രൗണ്ടിൽ പുലർത്തുന്ന താരമാണ് ലൂണ. ലോങ് പാസുകളിൽ പോലും 60 ശതമാനത്തേലറെ കൃത്യമായി സഹതാരങ്ങളിലെത്തിക്കാൻ ലൂണയ്ക്ക് സാധിച്ചെന്ന് ഏ-ലീ​ഗിലെ കണക്കുകൾ വെളിപ്പെടുത്തുന്നു. അമ്പത് ശതമാനത്തിലേറെ ടാക്കിളുകളും വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞ ലൂണ, പ്രതിരോധത്തിലും ആവശ്യസമയത്ത് ഉപകരിക്കുന്ന താരമാണ്.

കരിയറിന്റെ അവസാനഘട്ടത്തില്ല, മികച്ച ഫോമിൽ നിൽക്കുമ്പോഴാണ് ലൂണയുടെ ബ്ലാസ്റ്റേഴ്സിലേക്കുള്ള വരവ്. അതും 29-ാമത്തെ വയസിൽ. ചുരുക്കിപ്പറഞ്ഞാൽ ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് വളരെ മികച്ച ഒരു സൈനിങ് എന്ന് തന്നെ നിസംശയം പറായം. പക്ഷെ മികച്ച പ്രൊഫൈലുള്ള താരങ്ങൾ പരാജയപ്പെട്ട ക്ലബാണ് ബ്ലാസ്റ്റേഴ്സ്. അതുകൊണ്ട് തന്നെ ​ഗ്രൗണ്ടിൽ ലൂണയ്ക്ക് എന്ത് ചെയ്യാൻ കഴിയുമെന്നത് തന്നെയാണ് വളരെ പ്രധാനം. ഒപ്പം എത്ര വേ​ഗം താരത്തിന് ഇന്ത്യൻ ഫുട്ബോളുമായും ഇവിടുത്തെ സാഹചര്യങ്ങളുമായി ഒത്തുചേരാനാകുമെന്നതും നിർണായകമാണ്.