SHARE

ഇന്ത്യ എയ്‌ക്കെതിരായ ചതുര്‍ദിന മത്സരത്തിനുള്ള ദക്ഷിണാഫ്രിക്കന്‍ എ ടീമില്‍ സ്റ്റാര്‍ പേസര്‍ ലുംഗി എന്‍ഗിഡി ഇടംപിടിച്ചു. ഓഗസ്റ്റ് 29 മുതല്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് പര്യടനത്തിലെ ഏകദിന മത്സരങ്ങള്‍. സെപ്റ്റംബര്‍ പത്തുമുതല്‍ വയനാട് കൃഷ്ണഗിരി സ്റ്റേഡിയതത്തില്‍ അനൗദ്യോഗിക ടെസ്റ്റും നടക്കും.

ദക്ഷിണാഫ്രിക്ക ആദ്യം പ്രഖ്യാപിച്ചിരുന്ന ടീമില്‍ എന്‍ഗിഡി ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍ അന്റിച്ച് നോര്‍ജെ, ബെന്‍ ഹെന്‍ട്രിക്‌സ്, ടെംബ ബവുമ എന്നിവരെ സീനിയര്‍ ടീമിലേക്ക് തെരഞ്ഞെടുത്തതോടെയാണ് ടീമില്‍ മാറ്റംവരുത്താന്‍ മാനേജ്‌മെന്റ് തീരുമാനിച്ചത്. തെനിയൂസ് ഡി ബ്രൂണും എന്‍ഗിഡിക്കൊപ്പം എ ടീമിനൊപ്പം ചേരും.

വയനാട്ടിലെ പേസര്‍മാരെ തുണയ്ക്കുന്ന പിച്ചില്‍ എന്‍ഗിഡിയുടെ സാന്നിധ്യം ഇന്ത്യയുടെ യുവതാരങ്ങള്‍ക്ക് കടുത്ത വെല്ലുവിളിയാകും. പ്രത്യേകിച്ച് പച്ചപ്പുനിറഞ്ഞ പിച്ചില്‍. മഴ കഴിഞ്ഞതോടെ കൂടുതല്‍ ഈര്‍പ്പമുള്ള പിച്ചാകും കൃഷ്ണഗിരിയില്‍ ഒരുക്കുക.