SHARE

ഇന്ത്യൻ മധ്യനിര താരം യൂജിൻസൺ ലിംഗ്ദോയെ ടീമിലേക്ക് മടക്കിയെത്തിച്ച് ബെംഗളൂരു എഫ് സി‌. എ ടി കെ യുമായി താരത്തിനുണ്ടായിരുന്ന കരാർ കഴിഞ്ഞ ദിവസം അവസാനിപ്പിച്ചിരുന്നു. ഇതോടെയാണ് ഒരു വർഷ കരാറിൽ താരവുമായി ബെംഗളൂരു എഫ് സി ഒപ്പുവെച്ചത്. നേരത്തേയും ബെംഗളൂരു എഫ് സി യിൽ കളിച്ചിട്ടുള്ള ലിംഗ്ദോ, രണ്ട് വർഷത്തിന് ശേഷമാണ് തന്റെ മുൻക്ലബ്ബിലേക്ക് മടങ്ങിയെത്തുന്നത്.

കഴിഞ്ഞ രണ്ട് സീസണുകളായി എ ടി കെയുടെ താരമായ ലിംഗ്ദോയ്ക്ക് അവർക്കൊപ്പം പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഇതോടെ ഈ സീസണ് മുൻപ് ക്ലബ്ബുമായുള്ള പരസ്പര ധാരണയോടെ ലിംഗ്ദോ ടീം വിടാൻ തീരുമാനിക്കുകയായിരുന്നു‌. ഇന്ത്യയിലെ പ്രശസ്ത ക്ലബ്ബുകളായ ഷില്ലോംഗ് ലജോംഗ്, എഫ് സി പൂനെ സിറ്റി എന്നിവർക്ക് വേണ്ടിയും പന്തു തട്ടിയ ലിംഗ്ദോ, ബെംഗളൂരു എഫ് സിക്ക് വേണ്ടിയായിരുന്നു തന്റെ കരിയറിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ചത്. 2015-16 സീസണിൽ ബെംഗളൂരുവിന്റെ ഐ ലീഗ് കിരീടധാരണത്തിൽ നിർണായക പങ്ക് വഹിച്ച താരം ഇന്ത്യൻ ദേശീയ ടീമിനായി 24 മത്സരങ്ങളിലും കളിക്കാനിറങ്ങി.

-Advertisement-