SHARE

ഒളിമ്പിക് ലിയോണിന്റെ ഡച്ച് സൂപ്പർ താരം മെംഫിസ് ഡീപേയ്ക്ക് വേണ്ടി കഴിഞ്ഞ കുറച്ച് നാളുകളായി രംഗത്തുള്ള ടീമാണ് ബാഴ്സലോണ. ക്ലബ്ബിന്റെ പുതിയ പരിശീലകൻ റൊണാൾഡ് കൂമാന്റെ പ്രത്യേക താല്പര്യപ്രകാരമാണ് ബാഴ്സ ഇക്കുറി മുന്നേറ്റ താരമായ ഡീപേയെ ടീമിലെത്തിക്കാൻ ശ്രമം തുടങ്ങിയത്. കഴിഞ്ഞ ദിവസം ഈ കരാർ യാഥാർത്ഥ്യമായതായും, 28 ദശലക്ഷം പൗണ്ടിന് താരം കറ്റാലൻ ക്ലബ്ബിലെത്തുമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇപ്പോളിതാ ഇത്തരമൊരു വാർത്ത നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ലിയോൺ ക്ലബ്ബിന്റെ പ്രസിഡന്റായ ജീൻ മിക്കെൽ ഔലാസ്.

കൊറോണ വൈറസ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മൂലം ഇക്കുറി ഡീപേയുടെ ട്രാൻസ്ഫർ താങ്ങാൻ ബാഴ്സലോണയ്ക്ക് കഴിയില്ലെന്ന് ബാർത്തോമ്യു പറഞ്ഞതായാണ് ഓലസ് ചൂണ്ടിക്കാട്ടിയത്. കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

-Advertisement-

“കോവിഡ് 19 പ്രതിസന്ധിയിൽ നിന്ന് ബാഴ്സലോണ വളരെയധികം ദുരിതം അനുഭവിക്കുകയാണെന്നും, അത് കൊണ്ടു തന്നെ ഓഫർ നൽകാനുള്ള സാധ്യതയില്ലെന്നും ബാഴ്സലോണ പ്രസിഡന്റ് എന്നോട് പറഞ്ഞു. ഡീപേ-ബാഴ്സലോണ കരാർ നടന്നു കഴിഞ്ഞതായുള്ള ഡി ടെലെഗ്രാഫിന്റെ ലേഖനത്തിന് മറുപടിയായി ലിയോൺ പ്രസിഡന്റ് കുറിച്ചു.

അതേ സമയം ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്സലോണ നോട്ടമിടുന്ന ഡീപേ ബാഴ്സലോണയുമായി ധാരണയിലെത്തിയതായും, അടുത്ത ദിവസം താരം വൈദ്യ പരിശോധനയ്ക്കായി ബാഴ്സലോണയിലെത്തുമെന്നും, ഈയാഴ്ച അവസാനത്തോടെ ഡീപേയെ ക്ലബ്ബ് ഔദ്യോഗികമായി അവതരിപ്പിക്കുമെന്നുമായിരുന്നു നേരത്തെ വാർത്തകൾ വന്നത്. എന്നാൽ ഈ വാർത്തകളിൽ വാസ്തവമില്ലെന്ന് ലിയോൺ പ്രസിഡന്റിന്റെ ട്വീറ്റോടെ വ്യക്തമാവുകയായിരുന്നു.