SHARE

ഫ്രഞ്ച് മധ്യനിരതാരം ഹോസ്സെം അവോറിനായി ഇം​ഗ്ലീഷ് ക്ലബ് ആഴ്സനൽ മുന്നോട്ടുവച്ച ഓഫർ തള്ളി ഫ്രഞ്ച് ക്ലബ് ഒളിംപിക് ലിയോൺ. ആഴ്സനൽ വാ​ഗ്ദാനം ചെയ്ത തുക വളരെ കുറവാണെന്ന് ചൂണ്ടിക്കാട്ടിയാണ് ലിയോൺ ഈ ഓഫർ തള്ളിയത്.

22-കാരനായ അവോർ 2017 മുതൽ ലിയോൺ സീനിയർ ടീമിലെ താരമാണ്. ഇക്കുറി ചാമ്പ്യൻസ് ലീ​ഗ് സെമിയിലേക്കുള്ള ലിയോണിന്റെ കുതിപ്പിൽ ഏറെ നിർണായകമായിരുന്നു അവോറിന്റെ പ്രകടനം. ഇതോടെയാണ് സീസൺ അവസാനിച്ച ഉടൻ തന്നെ ആഴ്സനൽ, താരത്തിനായി വലിവിരിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ലിയോണുമായി ​ഗണ്ണേഴ്സ് നിരന്തരം ചർച്ചയിലായിരുന്നു.

ഏതാണ്ട് 60 ദശലക്ഷം യൂറോയാണ് അവോറിനായി ലിയോൺ ചോദിക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ആഴ്സനൽ താരത്തിനായി ആദ്യ ഔദ്യോ​ഗിക ഓഫർ മുന്നോട്ടുവച്ചു. എന്നാൽ ഈ ഓഫർ അവോറിന്റെ താരമൂല്യത്തെക്കാൾ ഏറെ കുറവാണെന്നാണ് ലിയോൺ പ്രസിഡന്റ് ജീൻ മിഷ്ൽ ഓലസ് പറഞ്ഞത്.

ഈ ഓഫർ തള്ളിയതിന് പിന്നാലെ ലിയോണിന്റെ ഈ ആഴ്ചത്തെ മത്സരത്തിൽ അവോർ കളിക്കുമെന്നും ഓലസ് പറഞ്ഞു. ആഴ്സനൽ മുന്നോട്ടുവച്ച ഓഫർതുക എത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ 35 ദശലക്ഷം യൂറോയാണ് ആഴ്സനൽ താരത്തിനായി മുടക്കാൻ തയ്യാറുള്ളതെന്നാണ് റിപ്പോർട്ടുകൾ.