SHARE

മികച്ച ഐപിഎൽ സീസണിലൂടെയാണ് ഡെൽഹി ക്യാപിറ്റൽസ് താരം ഇഷാന്ത് ശർമ്മ ഇപ്പോൾ കടന്ന് പോകുന്നത്. സീസണിൽ മികച്ച രീതിയിൽ പന്തെറിഞ്ഞ ഇഷാന്ത് ശർമ്മ, ഡെൽഹിയുടെ ക്വാളിഫയർ പ്രവേശനത്തിലും നിർണായക പങ്കാണ് വഹിച്ചത്. ഡെൽഹി ക്യാപിറ്റൽസും, മുംബൈ ഇന്ത്യൻസും തമ്മിൽ ഇത്തവണ ഡെൽഹിയിൽ നടന്ന പോരാട്ടത്തിനിടെ ഇഷാന്ത് ശർമ്മ മുംബൈ നായകൻ രോഹിത് ശർമ്മയെ ചൂടുപിടിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ അന്ന് ഡെൽഹിയിലെ വിക്കറ്റ് ബാറ്റ് ചെയ്യാൻ മോശമായിരുന്നതിനാൽ മുംബൈയിലേക്ക് വരുമ്പോൾ ഇഷാന്തിനെ അടിച്ചുകൂട്ടുമെന്നായിരുന്നു രോഹിതിന്റെ മറുപടി.

മുംബൈക്കെതിരായ മത്സരത്തിൽ രോഹിതിനെതിരെ നേർക്കുനേർ വന്ന‌ സംഭവത്തെപ്പറ്റി ഇപ്പോൾ മനസ് തുറന്നിരിക്കുകയാണ് ഇഷാന്ത്‌ ശർമ്മ. താൻ തമാശ രീതിയിലാണ് ഇതെല്ലാം ചെയ്തതെന്നും ഇഷാന്ത് പറയുന്നു. ഇഷാന്തിന്റെ വാക്കുകൾ ഇങ്ങനെ, “അന്ന് കളിക്കിടെ രോഹിതിന്റെ അടുത്തെത്തി പന്തടിക്കൂ എന്ന് ഞാൻ പറഞ്ഞു, ഇതെന്തൊരു വിക്കറ്റാണെന്നും, ഇവിടെ ഞാനെങ്ങനെ അടിക്കുമെന്നുമായിരുന്നു രോഹിതിന്റെ മറുപടി. മത്സരശേഷം രോഹിതിനടുത്തെത്തിയ ഞാൻ, താങ്കൾ വലിയ രീതിയിൽ അടിച്ചില്ലെന്ന് രോഹിതിനോട് പറഞ്ഞു‌, എന്നാൽ വാംഖഡെയിലേക്ക് വരൂ എന്നായിരുന്നു രോഹിതിന്റെ മറുപടി.” ഇഷാന്ത് പറഞ്ഞുനിർത്തി. ഇതെല്ലാം തമാശരീതിയിലുള്ള കാര്യങ്ങളാണെന്നും, ഇന്ത്യൻ ടീം തന്നെയാണ് തന്റെ ആദ്യ കുടുംബമെന്നും ഇഷാന്ത് ഇതിനൊപ്പം ഓർമിപ്പിച്ചു.