SHARE

ഇന്ത്യന്‍ ഫുട്‌ബോളില്‍ മലയാളി താരങ്ങളുടെ സാന്നിധ്യം വര്‍ധിക്കുന്നു. ഐലീഗിലെ ശക്തരായ ഈസ്റ്റ് ബംഗാള്‍ മലയാളി ഗോള്‍കീപ്പര്‍ സി.കെ. ഉബൈദിനെ സ്വന്തമാക്കി. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയായ ഉബൈദ് എഫ്‌സി കേരളയില്‍ നിന്നാണ് കൊല്‍ക്കത്ത വമ്പന്മാരിലേക്കെത്തുന്നത്.
കഴിഞ്ഞ സീസണില്‍ ഒഎന്‍ജിസിക്കുവേണ്ടി മുംബൈ എലൈറ്റ് ഡിവിഷനില്‍ കളിച്ച് മികച്ച ഗോള്‍കീപ്പര്‍ പട്ടം സ്വന്തമാക്കിയ ഉബൈദ്.

എഫ്‌സി കേരളക്ക് വേണ്ടി കേരള പ്രീമിയര്‍ ലീഗിലും, മഹാരാഷ്ടയില്‍ നടന്ന ഓള്‍ ഇന്ത്യ ടൂര്‍ണമന്റിലും മികച്ച പ്രകടനമായിരുന്നു നടത്തിയത്. മുമ്പ് വിവ കേരള, ഡെംപോ ഗോവ, എയര്‍ ഇന്ത്യ തുടങ്ങിയ ക്ലബുകളുടെ ജേഴ്‌സി അണിഞ്ഞിട്ടുണ്ട് ഈ 27കാരന്‍. സന്തോഷ് ട്രോഫിയിലും, ദേശീയ ഗെയിംഗിലും മഹാരാഷ്ട്രക്ക് വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്. ഇതോടെ ഈസ്റ്റ് ബംഗാളിലെ മലയാളി സാന്നിധ്യം നാലായി. ഗോള്‍ കീപ്പര്‍ മിര്‍ഷാദ്, മുന്നേറ്റനിരക്കാരായ വി.പി സുഹൈര്‍, ജസ്റ്റിന്‍ ജോബി എന്നിവര്‍ നേരത്തെ തന്നെ ഈസ്റ്റ് ബംഗാളുമായി കരാറിലായിരുന്നു.

വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം ഐലീഗില്‍ കേരളത്തിന്റെ സ്വന്തം ടീം കൂടി കളിക്കുന്ന വര്‍ഷമാണിത്. ഗോകുലം കേരള എഫ്‌സിയിലൂടെ ഐലീഗ് ആവേശം കേരളത്തിലും എത്തിയിരിക്കുകയാണ്. അടുത്തമാസം നാലിന് കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ് ഗോകുലത്തിന്റെ ആദ്യ ഹോംമാച്ച്.

കടപ്പാട്: കേരള ഫുട്‌ബോള്‍ ലൈവ്