SHARE

ക്രിക്കറ്റിൽ അത്ര മികച്ച ചരിത്രമൊന്നും അവകാശപ്പെടാനില്ലാത്ത രാജ്യമാണ് മലേഷ്യ. എന്നാൽ പടിപടിയായി ക്രിക്കറ്റ് പുരോഗതി ആർജ്ജിക്കുന്ന അവർ വളർച്ചയുടെ പാതയിലാണ് നീങ്ങുന്നത്. രാജ്യത്ത് ക്രിക്കറ്റ് വളർത്താൻ ഇപ്പോളിതാ പുതിയ പദ്ധതി ആസൂത്രണം ചെയ്യുകയാണ് മലേഷ്യൻ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് മഹീന്ദ വള്ളിപുരം. നിലവാരമുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത് വഴി രാജ്യത്ത് ക്രിക്കറ്റിനെ കൂടുതൽ ജനകീയമാക്കാമെന്ന് അദ്ദേഹം പറയുന്നു. ഇതിന്റെ ഭാഗമായി പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ മത്സരങ്ങൾ സംഘടിപ്പിക്കാനുള്ള താല്പര്യവും അദ്ദേഹം മുന്നോട്ട് വെക്കുന്നു.

നിലവിൽ സുരക്ഷകാരണങ്ങൾ ചൂണ്ടിക്കാട്ടി പല പ്രധാന ടീമുകളും പാകിസ്ഥാനിൽ കളിക്കാൻ വിസമ്മതിക്കുകയാണ്. അതിനാൽ പാകിസ്ഥാൻ തങ്ങളുടെ ഭൂരിഭാഗം മത്സരങ്ങളും കളിക്കുന്നത് യു.എ.ഇ യിലാണ്. ഈ വർഷം ഓസ്ട്രേലിയയുമായും, ന്യൂസിലൻഡുമായും പാകിസ്ഥാന് കളികളുണ്ട്. നിലവിലെ സാഹചര്യത്തിൽ ഈ മത്സരങ്ങളും യു.എ.ഇ യിലാകും നടത്തുക. എന്നാൽ ഇതിൽ കുറച്ച് മത്സരങ്ങളെങ്കിലും മലേഷ്യയിൽ നടത്തുന്നതിന്റെ സാധ്യതകളാണ് മലേഷ്യൻ ക്രിക്കറ്റ് അസോസിയേഷൻ ആരായുന്നത്. അത് പോലെ തന്നെ പാകിസ്ഥാൻ സൂപ്പർ ലീഗിലെ ചില മത്സരങ്ങളുടെ ആതിഥേയത്വവും അവർ ലക്ഷ്യം വെക്കുന്നുണ്ട്. നേരത്തെയും പാകിസ്ഥാന്റെ ഹോം ഗ്രൗണ്ടാകാൻ മലേഷ്യൻ ക്രിക്കറ്റ് അസോസിയേഷൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

എന്നാൽ മലേഷ്യൻ ക്രിക്കറ്റ് അസോസിയേഷന്റെ ഈ താല്പര്യത്തോട് പാകിസ്ഥാൻ ക്രിക്കറ്റ് അധികൃതർ ഇതേ വരെ പ്രതികരിച്ചിട്ടില്ല. അതേ സമയം മികച്ച ക്രിക്കറ്റ് ഗ്രൗണ്ടും സൗകര്യങ്ങളുമുള്ള മലേഷ്യയിൽ മത്സരം നടത്തുന്നത് പാകിസ്ഥാൻ ക്രിക്കറ്റിനും ഗുണം ചെയ്യും. തങ്ങളുടെ ആരാധകബലം വർധിപ്പിക്കാൻ പാക്ക് ക്രിക്കറ്റിനെ ഈ നീക്കം സഹായിക്കുമെന്നതിൽ യാതൊരു സംശയവുമില്ല. 2006 ൽ മലേഷ്യ ആതിഥേയത്വം വഹിച്ച ട്രയാംഗുലർ ഏകദിന പരമ്പരയും ( കളിച്ചത് ഇന്ത്യ, ഓസ്ട്രേലിയ, വെസ്റ്റിൻഡീസ്), 2008 ലെ അണ്ടർ 19 ലോകകപ്പും, കഴിഞ്ഞ വർഷത്തെ അണ്ടർ 19 ഏഷ്യാകപ്പും വലിയ വിജയമായിരുന്നു. മലേഷ്യൻ തലസ്ഥാനമായ ക്വാലാലമ്പൂരിലെ കിനാര അക്കാദമി ഓവൽ ക്രിക്കറ്റ് ഗ്രൗണ്ടാണ് ഇവിടുത്തെ പ്രധാന ക്രിക്കറ്റ് ഗ്രൗണ്ട്.